ന്യൂഡൽഹി: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ജർമ്മനിയിൽ നിന്നെത്തിയ മലയാളി സംഘത്തിന് നാട്ടിൽ പോകാൻ ടിക്കറ്റും പാസുമുണ്ടായിട്ടും ഡൽഹിയിലിൽ ക്വാറന്റൈനിലാക്കി. അടിയന്തര ആവശ്യം പരിഗണിച്ച് രണ്ടുപേരെ മാത്രമാണ് പോകാൻ അനുവദിച്ചത്. സ്വന്തം ചെലവിൽ 4000 രൂപ ദിവസ വാടകയുള്ള ഹോട്ടലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്.
കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ എത്തുന്ന വിദേശ, ആഭ്യന്തര യാത്രക്കാർക്ക് ഏഴു ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കിയിരുന്നു. ഇക്കാര്യം അറിയാതെയാണ് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഇന്നലെ രാവിലെ ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 22 പേർ വന്നിറങ്ങിയത്. ജർമ്മനിയിൽ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമാണിവർ.
എല്ലാവരും ഇന്നലെ വൈകിട്ട് കൊച്ചി വിമാനത്തിൽ ടിക്കറ്റ് ബുക്കു ചെയ്തിരുന്നു. കേരളത്തിന്റെ യാത്രാ പാസും ലഭിച്ചിരുന്നു. എന്നാൽ ഡൽഹിയിലെ അധികൃതർ വഴങ്ങിയില്ലെന്ന് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ജിതിൻ പറഞ്ഞു. എം.ബി.എ വിദ്യാർത്ഥിയായ ജിതിൻ മാർച്ചിലാണ് ജർമ്മനിയിൽ എത്തിയത്.