ന്യൂഡൽഹി: ഒന്നാം വാർഷികത്തിന്റെ ഭാഗമായി മോദി സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വീഡിയോ കോൺഫറൻസ് വഴി ബീഹാറിലെ പ്രവർത്തകരെ അഭിസംബോധന ചെയ്യും. ഇക്കൊല്ലം ഒടുവിൽ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് ഷായുടെ ആദ്യ വെർച്വൽ റാലി ബീഹാറിൽ നടത്തുന്നത്. ഒരു മാസം നീളുന്ന വാർഷികാഘോഷത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി 500ഓളം വെർച്വൽ റാലികൾ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
വീഡിയോ കോൺഫറൻസ് റാലി ഫേസ്ബുക്കും മറ്റും സമൂഹമാദ്ധ്യമങ്ങൾ വഴിയും പ്രവർത്തകരിലേക്ക് എത്തിക്കാൻ സംസ്ഥാന ബി.ജെ.പി ഘടകം 243 അസംബ്ളി മണ്ഡലങ്ങളിലും വിപുലമായ ഒരുക്കങ്ങളാണ് ചെയ്‌തിട്ടുള്ളത്. ഒരു സമയം ഒരു ലക്ഷം പ്രവർത്തകർ റാലി കാണുന്നുവെന്ന് ഉറപ്പാക്കും. മുഖ്യമന്ത്രി നിതീഷ് കുമാർ നയിക്കുന്ന ജെ.ഡി.യുവും ബി.ജെ.പിയും ബീഹാറിൽ മുന്നണിയായാണ് തിരഞ്ഞെടുപ്പിനെ നേരിടുക.