ലക്ഷ്യം കൊവിഡ് മരുന്ന് പരീക്ഷണം
ന്യൂഡൽഹി: ഇന്ത്യയിൽ അംഗീകാരമില്ലാത്ത ചില മരുന്നുകൾ ചെറിയ അളവിൽ ഇറക്കുമതി ചെയ്യാനും ഉത്പാദിപ്പിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. കൊവിഡ് 19 രാജ്യത്ത് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കുന്നതിനായി പരീക്ഷണാത്മക മരുന്നുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.മെഡിക്കൽ സ്ഥാപനങ്ങളുടെ നിർദ്ദേശമനുസരിച്ചായിരിക്കും മരുന്നുകൾ ഇറക്കുമതി ചെയ്യുക.
ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യങ്ങളിലോ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയമായ മരുന്നുകൾ മാത്രമേ ഇറക്കുമതി ചെയ്യാനോ നിർമിക്കാനോ അനുവാദമുള്ളൂ. കേന്ദ്ര ലൈസൻസിംഗ് അതോറിട്ടിക്ക് അപേക്ഷ അയക്കുന്നതിനു മമ്പേ മരുന്ന് ആവശ്യമുള്ള ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് അല്ലെങ്കിൽ മെഡിക്കൽ സ്ഥാപനത്തിന്റെ തലവൻ സാക്ഷ്യപ്പെടുത്തണം. ഇന്ത്യയുടെ കരട് വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിന് ശേഷമായിരിക്കും നിയമങ്ങൾ ബാധകമാക്കുക. പ്രോട്ടോക്കോൾ അനുസരിച്ച്, നിർദ്ദിഷ്ട ഭേദഗതിയെക്കുറിച്ചുള്ള പ്രതികരണങ്ങൾക്കായി കാത്തിരിക്കുമെന്നും എതിർപ്പുകളൊന്നുമില്ലെങ്കിൽ, നിയമം നടപ്പാക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ആരോഗ്യപരമായ എല്ലാ കാര്യങ്ങളിലും സർക്കാരിനെ ഉപദേശിക്കുന്ന ഡ്രഗ്‌സ് ടെക്‌നിക്കൽ അഡൈ്വസറി ബോർഡുമായി കൂടിയാലോചിച്ച് ആരോഗ്യ മന്ത്രാലയം 2019 ജൂൺ അഞ്ചിന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ പുതിയ മരുന്നുകളും ക്ലിനിക്കൽ പരീക്ഷണ നിയമങ്ങളും ഭേദഗതി ചെയ്തിട്ടുണ്ട്.