ന്യൂഡൽഹി: ഇറാനിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള മത്സ്യബന്ധന പ്രവർത്തകരെ ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ദൗത്യത്തിന്റെ ഭാഗമായി നാവിക സേന കപ്പലായ ഷാർദുളിൽ ഗുജറാത്തിലെ പോർട്ട് ബന്ദറിൽ എത്തിക്കും. ഇറാനിലെ ഇന്ത്യൻ എംബസി തയ്യാറാക്കുന്ന പട്ടികയിലുള്ളവരെ ആരോഗ്യ പരിശോധനകൾ നടത്തി ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് നിന്നാണ് യാത്ര പുറപ്പെടുക.
യാത്രക്കാർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യ സംവിധാനങ്ങളും കപ്പലിൽ നൽകും. അടിയന്തര സാഹചര്യമുണ്ടായാൽ വേണ്ടി വരുന്ന ഐസൊലേഷൻ മുറികളും സജ്ജമാക്കിയിട്ടുണ്ട്. പോർ ബന്ദറിലെത്തിയതിനു ശേഷമുള്ള നടപടിക്രമങ്ങൾ ഗുജറാത്ത് സർക്കാർ നിർവഹിക്കും. മെയ് 8ന് തുടങ്ങിയ ഒാപ്പറേഷൻ സമുദ്ര സേതു ദൗത്യത്തിൽ നാവികസേനയുടെ ജലാശ്വ, മഗർ എന്നീ നാലികസേനാ കപ്പലുകൾ മാലദ്വീപ്,ശ്രീലങ്ക എന്നിവിടങ്ങളിൽ കുടുങ്ങിയ 2874 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചിരുന്നു.