ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ മാതൃകയിൽ രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വി.വി.ഐ.പികൾക്ക് വേണ്ടിയുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങളുള്ള പ്രത്യേക വിമാനം സെപ്‌തംബറിൽ തയ്യാറാകും. യു.എസിലെ ഫ്ളോറിഡയിലുള്ള ബോയിംഗ് കമ്പനിയിൽ എയർഇന്ത്യയുടെ രണ്ട് ബി -777 വിമാനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന ജോലി പുരോഗമിക്കുകയാണ്. ജൂലായിൽ പൂർത്തിയാകേണ്ടിയിരുന്ന ജോലികൾ കൊവിഡ് മൂലം വൈകി.
അമേരിക്കയിൽ നിന്ന് അടുത്തിടെ 19 കോടി ഡോളറിന് വാങ്ങിയ മിസൈൽ ആക്രമണം കണ്ടെത്തി ചെറുക്കാനുള്ള ലാർജ് എയർക്രാഫ്‌റ്റ് ഇൻഫ്രാറെഡ് കൗണ്ടർ മെഷേഴ്സ്, സ്വയം സംരക്ഷണ കവചങ്ങൾ എന്നിവ ഘടിപ്പിക്കേണ്ടതുണ്ട്. വി.ഐ.പി മുറികൾ, കോൺഫറൻസ് റൂം, വൈഫൈ സൗകര്യം തുടങ്ങിയവയും സജ്ജമാക്കും. നിലവിൽ 'എയർഇന്ത്യാ വൺ' എന്ന പേരിൽ പ്രധാനമന്ത്രിയും മറ്റും യാത്ര നടത്തുന്ന ബോയിംഗ് 747വിമാനം മറ്റു സമയങ്ങളിൽ എയർഇന്ത്യ പതിവ് സർവീസിന് ഉപയോഗിക്കുന്നുണ്ട്.
പ്രത്യേക വിമാനത്തിന്റെ ചെലവ് 8,458 കോടി
വിമാനത്തിന്റെ വില - 2600കോടി
പ്രതിരോധ സംവിധാനങ്ങൾ - 1350കോടി
സ്‌പെയർ എൻജിൻ - 782 കോടി
കാബിൻ നവീകരണം - 942 കോടി
രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖരുടെ യാത്രയ്‌ക്ക് മാത്രം ഉപയോഗിക്കും.
പ്രത്യേക വിമാനത്തിന്റെ അറ്റകുറ്റപ്പണിയും മറ്റും എയർഇന്ത്യ നിർവഹിക്കും
പൈലറ്റുമാർ വ്യോമസേനയിൽ നിന്ന്. ഇവർക്ക് പ്രത്യേക പരിശീലനം നൽകും