covid

ന്യൂഡൽഹി: കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുമ്പോഴും ലോക്ക് ഡൗൺ ഇളവുകൾ പൂർണമായി നടപ്പിലാക്കി ഡൽഹി സർക്കാർ. ഹോട്ടലുകളും ബാങ്കറ്റ് ഹാളുകളും ഒഴികെ എല്ലാ കടകളും സ്വകാര്യ - സർക്കാർ ആശുപത്രികളും തുറന്നു. ഇതര സംസ്ഥാനങ്ങളിലേക്ക് ബസുകൾ ഓടിത്തുടങ്ങി. സംസ്ഥാനത്തിലേക്ക് കടന്നുവരാനുള്ള എല്ലാ അതിർത്തികളും തുറന്നു.

ഹുമയൂണിന്റെ ശവകുടീരം,ഖുത്തബ് മിനാർ അടക്കം എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്നു. അമ്പലങ്ങൾ, പള്ളികൾ, ഗുരുദ്വാരകൾ എന്നിങ്ങനെ എല്ലാ ആരാധനാലങ്ങളും വിശ്വാസികൾക്കായി തുറന്നു. 6,000ത്തോളം പേർ ദിവസവും എത്തുന്ന നിസാമുദ്ദീൻ ദർഗ തുറന്നു. പൊതുചന്തകളും വഴിയോരക്കച്ചവടവും സജീവമായതോടെ സാമൂഹിക അകലം കേട്ടുകേൾവിപോലുമില്ലാത്ത അവസ്ഥയിലാണ് രാജ്യതലസ്ഥാനം.

മലയാളികളുടെ ക്ഷേത്രങ്ങൾ മാത്രമാണ് അടഞ്ഞുകിടക്കുന്നത്. ബസ് സർവീസുകൾ സജീവമായതിനാൽ തെരുവിലും തിരക്ക് വ‌ർദ്ധിച്ചിട്ടുണ്ട്. ദിവസവും അൻപതിലേറെ മരണവും ആയിരത്തിലേറെ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്യുമ്പോഴാണ് നിയന്ത്രണങ്ങൾ അപ്പാടെ എടുത്ത് മാറ്റി ഡൽഹി പൂർവ്വസ്ഥിതിയിലാക്കാൻ അധികൃതർ മുന്നിട്ടിറങ്ങുന്നത്. പതിനൊന്ന് ജില്ലകളും കൊവിഡ് ഹോട്ട്സ്പോട്ടായ ഡൽഹിയിൽ 219 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്. അടുത്ത രണ്ടാഴ്ചക്കിടെ 56,000 പേർ ഡൽഹിയിൽ രോഗബാധിതരാകുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി സത്യന്ദർ ജെയിൻ മുന്നറിയിപ്പ് നൽകുമ്പോഴും നിയന്ത്രങ്ങൾ യാതൊന്നും ഡൽഹിയിൽ പാലിക്കപ്പെടുന്നില്ല. ഒപ്പം കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ 11 ഭൂചലനങ്ങളും ആശങ്കയ്‌ക്ക് ആക്കം കൂട്ടുകയാണ്.

എണ്ണൂറ്റിയൻപതിനടത്ത് ആളുകൾ മരിക്കുകയും മൂപ്പത്തിനായിരത്തിനടുപ്പ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്‌തിരിക്കുകയാണ് ഡൽഹിയിൽ.ആശുപത്രികൾ രോഗികകളെ കൊണ്ട് നിറഞ്ഞ അവസ്ഥ. ശവശരീരങ്ങൾ കൊണ്ട് ആശുപത്രികളും ശ്മശാനവും നിറയുന്നു. ആരോഗ്യപ്രവർത്തകർ അടക്കം കൊവിഡ് ബാധിച്ച് ചികിത്സ കിട്ടാതെ മരിച്ചു.