ന്യൂഡൽഹി: ഡൽഹിയിൽ ഈ മാസം അവസാനത്തോടെ ആകെ കൊവിഡ് കേസുകൾ ഒരു ലക്ഷമാകുമെന്ന് സർക്കാർ നിയോഗിച്ച അഞ്ചംഗ വിദഗ്ദ്ധസമിതി അദ്ധ്യക്ഷൻ ഡോ.മഹേഷ് വർമ.
നിലവിൽ കേസുകളുടെ ഇരട്ടിയാകൽ നിരക്ക് 14-15 ദിവസമാണ്. ഈ ട്രെൻഡ് തുടർന്നാൽ ഈ മാസം അവസാനത്തോടെ കൊവിഡ് കേസുകൾ ഒരു ലക്ഷമാകും. ആകെ രോഗികളിൽ 20-25 ശതമാനത്തിന് ആശുപത്രിയിൽ ചികിത്സ ആവശ്യമാകും. 15,000 കിടക്കകൾ വേണ്ടി വരും. ഇതിൽ അഞ്ചു ശതമാനത്തെ ഐ.സി.യുവിൽ പ്രവേശിപ്പിക്കേണ്ടി വരും. നിലവിൽ 8280 കിടക്കകളേ ഡൽഹിയിലെ ആശുപത്രികളിലുള്ളൂ. കൂടുതൽ ആശുപത്രികൾ കൊവിഡിനായി മാറ്റിവയ്ക്കേണ്ടിവരും. ബെഡുകൾ മാത്രം ഒരുക്കിയിട്ട് കാര്യമില്ല. ഓക്സിജൻ സിലിണ്ടറുകളും വേണമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഡൽഹിയൽ സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോയെന്ന് വിലയിരുത്താൻ ഇന്ന് ഡൽഹി സർക്കാർ ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിലാണ് യോഗം. സാമൂഹികവ്യാപനമുണ്ടെങ്കിൽ കൊവിഡ് പ്രതിരോധ തന്ത്രം അടിമുടി മാറ്റേണ്ടിവരുമെന്നും സർക്കാർ വ്യക്തമാക്കി.
ഒരാഴ്ച 9000 രോഗികൾ
ഡൽഹിയിൽ ഒരാഴ്ചയ്ക്കിടെ 9092 പുതിയ രോഗികളും 339 മരണവും. മേയ് 24ന് 13,418 രോഗികളായിരുന്നത് ജൂൺ ഏഴിന് 28,936 ആയി. രോഗമുക്തിനിരക്ക് 48.7 ശതമാനത്തിൽ നിന്ന് 38 ശതമാനമായി കുറഞ്ഞു.
ഡൽഹി- പ്രതിദിന രോഗികളും മരണവും
ജൂൺ 1-990 -50
ജൂൺ 2-1298-33
ജൂൺ 3-1513-59
ജൂൺ 4-1359 -44
ജൂൺ 5-1330 -49
ജൂൺ 6-1320 -53
ജൂൺ 7-1282 -51