ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് ചികിത്സ ഡൽഹിക്കാർക്കായി മാത്രം ചുരുക്കിയ കെജ്‌രിവാൾ സർക്കാരിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ നിരവധി ഹർജികൾ. ഡൽഹി സർവകലാശാലയിലെ രണ്ട് വിദ്യാർത്ഥികൾ, സാമ്പത്തിക വിദഗ്ദ്ധൻ അഭിജിത്ത് മിശ്ര, ഡൽഹിയിൽ ജോലിചെയ്യുന്ന ഹരിയാന സ്വദേശി കരൺ രാം തുടങ്ങിയവരാണ് സർക്കുലർ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. കടുത്ത വിവേചനമാണ് സർക്കാർ അന്യസംസ്ഥാനക്കാരോട് കാണിക്കുന്നതെന്ന് ഹർജികളിൽ പറയുന്നു.
ഡോ. മഹേഷ് വർമ്മ കമ്മീഷന്റെ ശുപാർശ പ്രകാരം രോഗികളുടെ തിരക്ക് ഒഴിവാക്കാനാണ് ഡൽഹി ആശുപത്രികളിൽ കൊവിഡ് ചികിത്സ ഡൽഹിക്കാർക്ക് മാത്രമായി ചുരുക്കിയത്. സർക്കാർ സ്വകാര്യമേഖലകളിലുള്ള 150 ഓളം ആശുപത്രികളിലാണ് നിയന്ത്രണം. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികൾക്ക് ഇത് ബാധകമല്ല. ചികിത്സയ്ക്കെത്തുന്നവർ ഡൽഹിക്കാരാണ് എന്ന് തെളിയിക്കുന്ന വ്യക്തമായ രേഖ ഹാജരാക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.