up

ന്യൂഡൽഹി: ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ നിഷിദ്ധമായതിനാൽ തത്കാലം ക്ഷേത്രങ്ങൾ തുറക്കേണ്ടെന്ന് യു.പിയിലെ പ്രമുഖ ക്ഷേത്രങ്ങൾ. സാനിറ്റൈസർ ഉപയോഗിച്ച് ക്ഷേത്രം ശുചീകരിക്കാൻ തയ്യാറല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഉത്തർപ്രദേശിലെ വൃന്ദാവൻ, മഥുര മേഖലയിലെ ഇസ്‌കോൺ, ബങ്കേ ബിഹാരി, മുകുട് മുഖാരവിന്ദ്, ശ്രീരംഗ് നാഥ്ജി എന്നിവയുൾപ്പെടെയുള്ള ക്ഷേത്രങ്ങളാണ് തുറക്കേണ്ടെന്ന് തീരുമാനിച്ചത്.കേന്ദ്രസർക്കാരിന്റെ മാനദണ്ഡ പ്രകാരം ക്ഷേത്ര ദർശനത്തിന് എത്തുന്നവർ സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കണം. ജനക്കൂട്ടം ഒഴിവാക്കി സാമൂഹിക അകലം പാലിച്ചു വേണം ദർശനം നടത്താനെന്നും കേന്ദ്രസർക്കാർ മാർഗരേഖ വിശദീകരിക്കുന്നു.എന്നാൽ നിലവിലെ സ്ഥിതിയിൽ ഇവയൊന്നും പാലിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് യു.പിയിൽ ക്ഷേത്രഭാരവാഹികൾ ക്ഷേത്രം അടച്ചിടുന്നത്.

ക്ഷേത്രത്തിനു വെളിയിൽ എൽ.ഇ.ഡി. സ്‌ക്രീനുകൾ സജ്ജമാക്കി ദർശനത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് മുകുട് മുഖാരവിന്ദ് ക്ഷേത്രഭാരവാഹി ഗണേഷ് പഹൽവാൻ പറഞ്ഞു. പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച് ജീവനക്കാർക്കു പരിശീലനം നൽകാൻ കൂടുതൽ സമയം ആവശ്യമായതിനാൽ വൃന്ദാവനത്തിലെ ക്ഷേത്രം 15നു ശേഷമേ തുറക്കുകയുള്ളുവെന്ന് ഇസ്‌കോൺ ഭാരവാഹി സൗരഭ് ദാസ് പറഞ്ഞു. അതേസമയം ശ്രീകൃഷ്ണ ജന്മസ്ഥാൻ ഉൾപ്പെടെ ചില ക്ഷേത്രങ്ങൾ ദർശനത്തിനായി തുറന്നു.