rajnath-singh

 സ്ഥിതിഗതി വിലയിരുത്തി രാജ്നാഥ്സിംഗ്

ന്യൂഡൽഹി: ചൈനയുമായി നയതന്ത്ര-സൈനിക തലത്തിൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും ലഡാക് അതിർത്തിയിൽ സൈനിക വിന്യാസം തുടരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് ജനറൽ ബിപിൻ റാവത്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി ഇന്നലെ ചർച്ച നടത്തി.

ലഡാക് അതിർത്തിയിൽ ദീർഘനാൾ ജാഗ്രത വേണ്ടിവരുമെന്ന വിലയിരുത്തലിലാണ് ഇന്ത്യ. ഇതിനായി സേന തയ്യാറാക്കിയ പദ്ധതികൾ ജനറൽ റാവത്ത് വിശദീകരിച്ചതായി അറിയുന്നു. സൗത്ത് ബ്ളോക്കിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് ഒരുമണിക്കൂറോളം നീണ്ട കൂടിക്കാഴ്‌ചയിൽ ശനിയാഴ്‌ച സൈനിക കമാൻഡർമാർ നടത്തിയ ചർച്ചയുടെ വിശദാംശങ്ങളും അദ്ദേഹം നൽകി. കരസേനാ മേധാവി ജനറൽ എം.എം. നരാവനെ, നാവിക സേനാമേധാവി അഡ്മിറൽ കരംബീർ സിംഗ്, വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ രാകേഷ് കുമാർ സിംഗ് ബന്ദൗരിയ എന്നിവരും സന്നിഹിതരായിരുന്നു.

പാംഗോഗ് ടിസോ തടാകക്കരയിലെ ഫിംഗർ 4ൽ നിന്ന് പിൻമാറണമെന്ന ഇന്ത്യയുടെ ആവശ്യം ചൈനീസ് സൈന്യം കേട്ടമട്ടില്ല. ഏപ്രിൽ അവസാനവാരം സൈനികർ നിന്ന സ്ഥലത്തേക്ക് മടങ്ങണമെന്ന ആവശ്യം ശനിയാഴ്‌ചത്തെ ചർച്ചയിൽ ദക്ഷിണ സിൻചിയാംഗ് മിലിട്ടറി മേഖലാ കമാൻഡർ മേജർ ജനറൽ ലിയൂ ലിൻ നയിച്ച ചൈനീസ് സംഘത്തെ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ് നയിച്ച ഇന്ത്യൻ സംഘം അറിയിച്ചിരുന്നു. ചർച്ചകളിലൂടെ രമ്യമായ പരിഹാരം കാണുമെന്ന സൂചനകൾ നയതന്ത്ര തലത്തിൽ നൽകുന്ന ചൈന പക്ഷേ സേനയെ പിൻവലിക്കുന്നതിന്റെ ലക്ഷണമില്ല. ലഡാക്ക് അതിർത്തിയിലെ സേനാ വിന്ന്യാസത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് കൂടുതൽ പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്‌തു.