sunandha

ന്യൂഡൽഹി : സുനന്ദ പുഷ്‌കറിന്റെ ട്വിറ്റർ അക്കൗണ്ടിലെ വിവരങ്ങൾ സൂക്ഷിച്ച് വയ്ക്കണമെന്ന ഭർത്താവ് ശശി തരൂർ എം.പിയുടെ ആവശ്യത്തിൽ ഡൽഹി പൊലീസിന് നോട്ടീസ് അയച്ച് ഡൽഹി കോടതി. ട്വിറ്ററിനോട് വിവരങ്ങൾ സൂക്ഷിക്കണമെന്ന് ആവശ്യപ്പെടാൻ സുനന്ദാ പുഷ്‌കറിന്റെ മരണം അന്വേഷിക്കുന്ന ഡൽഹി പൊലീസിനോട് നോട്ടീസിലൂടെ ഹൈക്കോടതി ആവശ്യപ്പെട്ടു.

സുനന്ദയുടെ മരണത്തിനെക്കുറിച്ചുള്ള നിർണായക തെളിവുകൾ ട്വിറ്റർ അക്കൗണ്ട് പരിശോധിക്കുന്നതിലൂടെ ലഭിക്കുമെന്നാണ് ശശി തരൂരിന്റെ വാദം. ജൂലായ് 15ന് കേസ് വീണ്ടും പരിഗണിക്കും. 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറെ ഡൽഹി ചാണക്യപുരിയിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ് മരണമെന്നും അൽപ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്നും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോ.സുധീർ ഗുപ്ത ആദ്യം വ്യക്തമാക്കിയിരുന്നു. മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം ശശി തരൂർ ഉൾപ്പെടെ ഏഴുപേരെ ചോദ്യം ചെയ്തിരുന്നു.