ന്യൂഡൽഹി: പാലക്കാട്ട് ചെരിഞ്ഞ ഗർഭിണിയായ ആന അബദ്ധത്തിൽ പടക്കം നിറച്ച പഴം കഴിച്ചതാവാമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം. ട്വിറ്ററിലാണ് മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്. കാട്ടുപന്നികളെ തുരത്താൻ പ്രദേശവാസികൾ കൃഷിയിടങ്ങളിലെ പഴങ്ങളിൽ നിയമവിരുദ്ധമായി സ്‌ഫോടക വസ്തു നിറക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മന്ത്രാലയം പറയുന്നു.
പാലക്കാട്ട് ഗർഭിണിയായ ആനയുടെ ദാരുണാന്ത്യത്തിൽ വളരെയധികം ദുഃഖിക്കുന്നുവെന്നും കേരള സർക്കാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കുറ്റക്കാരെയെല്ലാം ഉടൻ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്വിറ്ററിൽ വ്യക്തമാക്കുന്നു.
വായിൽ ഗുരുതമായി പരിക്കേറ്റ ആന മേയ് 27നാണ് പാലക്കാട് വെള്ളിയാർ പുഴയിൽ ചെരിയുന്നത്. ആനയുടെ മരണവുമായി ബന്ധപ്പെട്ട് അമ്പലപ്പാറയിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന വിൽസൻ അറസ്റ്റിലായിരുന്നു. കേസിലെ മറ്റു രണ്ടു പ്രധാന പ്രതികൾക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചിരുന്നു.