ന്യൂഡൽഹി: ഡൽഹി നിവാസികൾക്ക് മാത്രമേ ഡൽഹി സർക്കാരിന് കീഴിലുള്ള സർക്കാർ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സ നൽകുവെന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രഖ്യാപനം ഗവർണർ തള്ളി. ഒരു വിവേചനവും ഇല്ലാതെ എല്ലാവർക്കും ചികിത്സ ലഭിക്കണമെന്നും ഡൽഹിക്കാരല്ലെന്ന കാരണത്താൽ ആർക്കും ചികിത്സ നിഷേധിക്കില്ലെന്നും ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ ഇന്നലെ ഉത്തരവിറക്കി.
'ആരോഗ്യത്തിനുള്ള അവകാശം' ഭരണഘടനാപരമായ 'ജീവിക്കാനുള്ള അവകാശത്തി'ന്റെ ഭാഗം തന്നെയാണെന്ന് സുപ്രിം കോടതി വിവിധ വിധികളിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ലഫ്റ്റനന്റ് ഗവർണറുടെ ഉത്തരവ്. ഡൽഹിയിലെ എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികൾ, നഴ്‌സിംഗ് ഹോമുകൾ എന്നിവ ഒരു വിവേചനവും കൂടാതെ എല്ലാ കൊവിഡ് രോഗികകൾക്ക് ചികിത്സ നൽകണം.ലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രമാണ് കൊവിഡ് പരിശോധന നടത്തുകയെന്ന തീരുമാനം അംഗീകരിക്കാവില്ല. രോഗികളുമായി ബന്ധപ്പെട്ടവർക്ക് ലക്ഷണങ്ങൾ ഇല്ലെങ്കിലും കൊവിഡ് പരിശോധന നടത്തണമന്ന് ഗവർണർ ആവശ്യപ്പെട്ടു. ഡൽഹി ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ എന്ന നിലയിൽ ഇടപെടാൻ തനിക്ക് അധികാരുമുണ്ടെന്നും ലഫ്. ഗവർണർ പറയുന്നു.
ഡൽഹി സർക്കാറിന് കീഴിലുള്ള ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഡൽഹിക്കാർക്ക് മാത്രമാണ് ചികിത്സ നൽകുകയെന്ന തീരുമാനം ഞായറാഴ്ചയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചത്.ഇതിനെതിരെ രൂക്ഷമായി വിമർശനമാണ് ഉയർന്നത്. ആരാണ് ഡൽഹിക്കാരെന്ന് കെജ്‌രിവാൾ പറഞ്ഞു തരമോ എന്നാണ് കോൺഗ്രസ് നേതാവ് ചിദംബരം ഇതിനെതിരെ പ്രതികരിച്ചത്. കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയും ബി.എസ്.പി. നേതാവ് മായാവതി തുടങ്ങിയവരും കെജ്‌രിവാളിന്റെ പ്രഖ്യാപനത്തിനെതിരെ രംഗത്തു വന്നിരുന്നു.