ന്യൂഡൽഹി: കൊവിഡ് രൂക്ഷമായ രാജ്യത്തെ 10 സംസ്ഥാനങ്ങളിലുള്ള 38 ജില്ലകളിലെ 45 മുനിസിപ്പാലിറ്റികൾ,കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെ കളക്ടർമാർ, മുനിസിപ്പൽ കമ്മീഷണർമാർ, ചീഫ് മെഡിക്കൽ ഓഫീസർമാർ, ജില്ലാ ആശുപത്രി സൂപ്രണ്ടുമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ എന്നിവരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദൻ ചർച്ച നടത്തി. മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, ജമ്മു കാശ്മീർ, കർണാടക, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടർമാരാണ് യോഗത്തിൽ പങ്കെടുത്തത്. ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നവർക്ക് ശ്രദ്ധയും പരിചരണവും ഉറപ്പുവരുത്തുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും 24 മണിക്കൂറും ആരോഗ്യ പ്രവർത്തകരുടെ സേവനം റൊട്ടേഷൻ വ്യവസ്ഥയിൽ ലഭ്യമാക്കണം. ജില്ലാ ആരോഗ്യ സംവിധാനങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്നതിനായും ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യത കൃത്യ സമയത്ത് ഉറപ്പു വരുത്തുന്നതിനും തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും നിർദ്ദേശിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിനെതുടർന്ന്, സംസ്ഥാനങ്ങളോട്, വരും മാസങ്ങളിൽ ജില്ലാടിസ്ഥാനത്തിൽ പ്രവർത്തന പദ്ധതി രൂപീകരിക്കാനും നിർദ്ദേശിച്ചു.