office
photo

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിന് പുതിയ മാർഗരേഖ പുറത്തിറക്കി. ഒരു ഒാഫീസിൽ 20 ജീവനക്കാരിൽ കൂടുതൽ എത്തേണ്ടതില്ല. മറ്റുള്ളവർ വീട്ടിലിരുന്ന് ജോലി ചെയ്‌താൽ മതി. ലോക്ക് ഡൗൺ ഇളവുകളെത്തുടർന്ന്, മുതിർന്ന ഉദ്യോഗസ്ഥർക്കടക്കം കൊവിഡ് പിടിപെടുന്ന സാഹചര്യത്തിലാണിത്.

കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ പ്രതിരോധ സെക്രട്ടറി അജയ് കുമാർ, പി.ഐ.ബി പ്രിൻസിപ്പൽ ഡയറക്‌ടർ ജനറൽ കെ.എസ്.ദത്ത്‌വാലിയ തുടങ്ങിയവർക്കും, ആരോഗ്യ, റെയിൽവേ, തൊഴിൽ മന്ത്രാലയങ്ങളിൽ ഉൾപ്പെടെ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മാർഗരേഖ

 ഒരു സെക്‌ഷനിൽ ഒരു സമയം രണ്ടു പേർ

 പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ ഓഫീസിലെത്തരുത്.

 കണ്ടെയ്‌ൻമെന്റ് സോണിലുള്ളവർ സാധാരണ നിലയിലെത്തുന്നതു വരെ വീട്ടിലിരുന്ന് ജോലി ചെയ്യുക.

 അണ്ടർ സെക്രട്ടറിമാർ, സെക്രട്ടറിമാർ തുടങ്ങി ഒരു കാബിൻ പങ്കിടുന്ന ഉയർന്ന ഉദ്യോഗസ്ഥർ ഒന്നിടവിട്ട ദിവസങ്ങളിലെത്തുക.

 ഓഫീസ് പരിസരത്ത് മാസ്‌കും ഫേസ് ഷീൽഡും നിർബന്ധം.

 ഉപയോഗിച്ച മാസ്‌കുകൾ നിക്ഷേപിക്കാൻ മഞ്ഞ നിറത്തിലുള്ള പ്രത്യേക വേസ്‌റ്റ്ബിൻ.

 മുഖാമുഖമുള്ള യോഗങ്ങൾ, ചർച്ചകൾ, സംവാദങ്ങൾക്ക് പകരം ഫോൺ, ഇന്റർകോം, വീഡിയോ കോൺഫറൻസ്

 വീഡിയോ കോൺഫറൻസ് സീറ്റിൽ/കാബിനിൽ ഇരുന്ന്. ബോർഡ് റൂമിൽ പാടില്ല

 ഒരു മണിക്കൂർ ഇടവിട്ട് സോപ്പ് ഉപയോഗിച്ച് കൈ കഴുകണം. ഓഫീസിനുള്ളിലും പുറത്തും സാനിറ്റൈസർ.

 വാതിലിന്റെ കൈപ്പിടിയും കസേരയും മേശയും ഉൾപ്പെടെ അണുവിമുക്തമാക്കുക.

 ഓഫീസിനുള്ളിൽ പരസ്പരം കുറഞ്ഞത് ഒരു മീറ്റർ അകലം. സന്ദർശക ഇരിപ്പിടങ്ങളും അകലത്തിൽ.