ന്യൂഡൽഹി: സംഘർഷം തുടരുന്ന ഇന്ത്യ - ചൈനാ അതിർത്തിയായ കിഴക്കൻ ലഡാക്കിൽ അതിക്രമിച്ച് കയറിയ ചൈനീസ് സംഘം രണ്ടര കിലോമീറ്ററോളം പിന്നോട്ട് നീങ്ങി.
ഇതോടെ ഇന്ത്യൻ സൈന്യവും സേനയെ പിൻവലിച്ചു. ഞായറാഴ്ച സൈനിക തലത്തിൽ വീണ്ടും ചർച്ച നടക്കുന്ന സാഹചര്യത്തിലാണ് നടപടി.
കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ഗാൽവൻ താഴ്‌വരയിലെ പട്രോളിംഗ് പോയിന്റ് 14, ഹോട്ട്‌സ്‌പ്രിംഗ് പ്രദേശത്തെ പട്രോളിംഗ് പോയിന്റ് 15 എന്നിവിടങ്ങളിൽ നിന്നാണ് ചൈനീസ് സേന പിൻവാങ്ങിയത്. ഇവിടെ ചൈന നിർമ്മിച്ച ടെന്റുകളും നീക്കി. ഗാൽവൻ താഴ്‌വരയിലെ പട്രോളിംഗ് പോയിന്റ്, 17, പാഗോംഗ് ടിസോ തടാകത്തിന് വടക്കുള്ള ഫിംഗർ 4 എന്നിവിടങ്ങളിലെ സേനകളും ഉടൻ പിൻമാറുമെന്നാണ് സൂചന. തടാകത്തിൽ വിന്യസിച്ചിരുന്ന ചൈനീസ് ബോട്ടുകൾ മാറ്റിത്തുടങ്ങി.
ജൂൺ ആറിന് അതിർത്തിയിലെ മാൽഡോയിൽ നടന്ന കമാൻഡർതല ചർച്ചയ്‌ക്കു മുൻപും ഇരു പക്ഷവും സൈന്യത്തെ പിൻവലിച്ചിരുന്നു.
പാംഗോംഗിൽ ഏറ്റുമുട്ടൽ
അതേസമയം കഴിഞ്ഞ ദിവസത്തെ ധാരണയ്‌ക്ക് വിരുദ്ധമായി പാംഗോംഗ് തടാകത്തിന് വടക്ക് ഇരുസേനകളും തമ്മിൽ കഴിഞ്ഞ ദിവസവും സംഘർഷമുണ്ടായി.
വടിയും കല്ലും ഉപയോഗിച്ച് പരസ്‌പരം ആക്രമിച്ചെന്നാണ് വിവരം.
പാംഗോഗ് ടിസോ തടാകക്കരയിലെ ഫിംഗർ 4നൊപ്പം ഹോട്ട്‌സ്‌പ്രിംഗ് എന്നറിയപ്പെടുന്ന ഗോഗ്ര, ഗാൽവൻ താഴ്‌വര എന്നിവിടങ്ങളിൽ നിന്ന് ചൈനീസ് സൈന്യം പിൻമാറണമെന്നതാണ് ഇന്ത്യയുടെ ആവശ്യം.
ഇന്ത്യൻ സൈന്യത്തെ പുകഴ്ത്തി
ചൈനീസ് സൈനിക വിദഗ്ദ്ധൻ
ഉയരംകൂടിയ പ്രദേശങ്ങളിൽ ജോലിചെയ്യാൻ മികച്ച പരിശീലനം ലഭിച്ച ഏറ്റവും പരിചയസമ്പരായ സൈനികരാണ് ഇന്ത്യയ്ക്കുള്ളതെന്ന് ചൈനീസ് സൈനിക വിദഗ്ദ്ധൻ ഹുവാംഗ് ഗുവോജി പറഞ്ഞു. പർവതനിരകളിൽ വിന്യസിക്കുന്ന ഓരോ ഇന്ത്യൻ സൈനികനുമുള്ള അടിസ്ഥാന കഴിവാണ് പർവതാരോഹണമെന്നും അദ്ദേഹം പറഞ്ഞു.' നിലവിൽ പീഠഭൂമിയിലും പർവതങ്ങളിലും വലിയ പരിചയസമ്പത്തുള്ള സൈന്യം അമേരിക്കയുടെയോ റഷ്യയുടെയോ മറ്റേതെങ്കിലും യൂറോപ്യൻ രാജ്യത്തിന്റെയോ അല്ല, അത് ഇന്ത്യയുടേതാണ്."- മോഡേൺ വെപ്പണറി മാഗസിനിൽ ഗുവോജി എഴുതി. ചൈനയുടെ സമഗ്രമായ സൈനിക, പ്രതിരോധ മാഗസിനായി കണക്കാക്കുന്നത് മോഡേൺ വെപ്പണറിയാണ്. പീപ്പിൾസ് ലിബറേഷൻ ആർമിയുമായും പ്രസിഡന്റ് ഷീ ജിൻപിംഗുമായും അടുത്ത ബന്ധമുള്ള മാഗസിനാണിത്.