ന്യൂഡൽഹി: ഡൽഹിയിൽ ജൂലായ് അവസാനത്തോടെ കൊവിഡ് കേസുകൾ അഞ്ചര ലക്ഷമാവുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ദേശീയ തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ സമൂഹവ്യാപനം വിലയിരുത്താൻ ലെഫ്. ഗവർണർ അനിൽബൈജാൽ അടക്കമുള്ളവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിസോദിയ. നിലവിൽ 12-13 ദിവസം കൊണ്ടാണ് രോഗികൾ ഇരട്ടിയായതെന്ന് സിസോദിയ പറഞ്ഞു. ഡൽഹിയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കൊവിഡ് കേസുകളിൽ പകുതിയുടെയും ഉറവിടം അറിയില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും പറഞ്ഞു. ഡൽഹിയിൽ കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ഇരുവരുടെയും പ്രതികരണം.
അതേസമയം ഡൽഹിയിൽ സാമൂഹികവ്യാപനമില്ലെന്ന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചുവെന്ന് മനീഷ് സിസോദിയ പറഞ്ഞു. ഡൽഹി സർക്കാരിന്റെ കണക്കനുസരിച്ച് ജൂൺ 15ന് ഡൽഹിയിൽ 44,000 കേസുകളാകും. 30ന് ഒരു ലക്ഷവും ജൂലായ് 15ന് 2.25 ലക്ഷവും 31ന് 5.5 ലക്ഷവും ആയി ഉയരും.
ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മയ്ക്കും കൊവിഡ്
ബി.ജെ.പി നേതാവ് ജോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതായി അടുത്തവൃത്തങ്ങൾ അറിയിച്ചു. പനിയും തൊണ്ടവേദനയുമടക്കമുള്ള രോഗലക്ഷണങ്ങളോടെ ഇരുവരെയും തിങ്കളാഴ്ചയാണ് ഡൽഹി മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ചിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജോതിരാദിത്യ സിന്ധ്യ രാജ്യസഭാ തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശിൽ നിന്നുള്ള സ്ഥാനാർത്ഥിയാണ്. അതിനിടെ കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ബി.ജെ.പി വക്താവ് സമ്പിത് പത്ര ആശുപത്രിവിട്ടു.
8000 കിടക്കകൾ വേണം
സാധാരണഗതിയിൽ ഡൽഹിയിലെ ആശുപത്രി കിടക്കകളിൽ പകുതിയും വിനിയോഗിക്കുന്നത് പുറത്തുനിന്ന് ചികിത്സയ്ക്കെത്തുന്നവർക്കാണ്. എന്നാൽ ജൂലായ് അവസാനത്തോടെ ഡൽഹിയിലെ രോഗികൾക്ക് മാത്രമായി 80,000 കിടക്കകൾ വേണ്ടിവരുമെന്നും സിസോദിയ പറഞ്ഞു. ഡൽഹിയിൽ ചികിത്സ കുറച്ചുകാലത്തേക്കു ഡൽഹിക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന ആവശ്യം സിസോദിയ ഉന്നതതലയോഗത്തിൽ ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ല.
കേജ്‌രിവാളിന് കൊവിഡില്ല
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കൊവിഡ് രോഗബാധയില്ലെന്ന് പരിശോധനാഫലം. രോഗ ലക്ഷണങ്ങളെ തുടർന്ന് ഇന്നലെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഞായാറാഴ്ചയാണ് കേജ്‌രിവാളിന് ചെറിയ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടത്. തുടർന്ന് ഔദ്യോഗിക വസതിയിൽ സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു.