തന്നിലേക്കൊതുങ്ങാനാണ് കൊവിഡ് കാലത്തെ പ്രതിരോധ പാഠങ്ങൾ പറയുന്നത്. അടുത്തുള്ളവനിൽ നിന്ന് ആറടി അകലം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഹ്വാനം ചെയ്യുന്നു. പണ്ടത്തെ അയിത്തം കൽപ്പിക്കലിന്റെ പുതിയ കൊവിഡ് വേർഷൻ. ഇങ്ങനെ വീടുകളും ഗ്രാമങ്ങളും ജില്ലകളും സംസ്ഥാനങ്ങളും എന്തിനേറെ രാജ്യങ്ങളും ഓരോ കണ്ടെയ്ൻമെന്റ് സോണുകളായി മാറുന്നു. എല്ലാവരും അവനവനിലേക്ക് ഒതുങ്ങുന്നു. .
രോഗം പടർത്തുന്ന അയൽക്കാരെ അതിർത്തിയിൽ തടയുന്ന വിനോദ പരിപാടികൾ ഇതിന്റെ ഭാഗമാണ്. കാസർഗോഡ് ജില്ലയിൽ രോഗികൾ കൂടിയപ്പോൾ കർണാടകം അതിർത്തി റോഡുകൾ മണ്ണിട്ടടച്ചത് നാം കൊവിഡ് സ്ഥലംവിട്ടാലും മറക്കില്ല. സമാനമായ അതിർത്തി പൊല്ലാപ്പുകൾ രാജ്യവ്യാപകമാണ്. പക്ഷേ ദേശീയ തലസ്ഥാനത്തെ അതിർത്തി തർക്കത്തിന് ചില പ്രത്യേകതകളുണ്ട്.
തള്ളിപ്പറഞ്ഞ ഉപഗ്രഹങ്ങൾ
ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളുടെ ഓരം ചേർന്നാണല്ലോ രാജ്യ തലസ്ഥാനമായ കുഞ്ഞു ഡൽഹിയുടെ കിടപ്പ്. കൊവിഡ് രോഗവ്യാപന തോതിൽ മത്സരിച്ചു മുന്നേറുന്ന ഡൽഹിക്കാരോട് ചതുർത്ഥിയാണ് അയൽ അതിർത്തി ജില്ലക്കാർക്ക്. ഡൽഹിയിൽ നിന്നു വരികയാണെങ്കിൽ പോക്കറ്റിൽ കൊവിഡും ഉണ്ടാകുമെന്നാണ് വയ്പ്. ഇതു പറഞ്ഞ് നോയിഡ, ഗായിസാബാദ്, ഗുരുഗ്രാം അതിർത്തി ജില്ലക്കാർ വഴി അടച്ചു. കർണാടകം ചെയ്ത പോലെ ഹരിയാനയിലെ ഗ്രാമങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള റോഡുകൾ കിളച്ചിട്ടു. കഷ്ടകാലം വരുമ്പോൾ അങ്ങനെയാണ്. പഴയകാര്യമൊക്കെ എല്ലാരും മറക്കും. ഡൽഹിക്കാരുടെ ചർച്ചകളിൽ ആത്മരോഷംതിളച്ചു: ഈ നോയിഡയും ഗുരുഗ്രാമും ഗാസിയാബാദുമൊക്കെ എന്നാ ഉണ്ടായേ. ആരാ ഉണ്ടാക്കിയേ. എല്ലും കോലുമായി നിന്നവരാണ്. പിന്നീട് ഡൽഹിയുടെ ഉപ്പുംചോറുമുണ്ട് വളർന്നവർ. കഷ്ടകാലം വന്നപ്പോൾ വന്ന വഴി മറന്നു.
ആധുനിക നഗര നിഘണ്ടുവിൽ ഉപഗ്രഹ നഗരം എന്നു വിളിപ്പേരുള്ള കൂട്ടരാണ് നോയിഡയും ഗുരുഗ്രാമും ഗാസിയാബാദുമെല്ലാം. മെട്രോ നഗരങ്ങൾക്ക് പേറാനാകാത്ത വിധം ജനക്കൂട്ടവും കെട്ടിടങ്ങളും പെരുകുമ്പോൾ(സാച്വറേറ്റ് ആകൽ) അവയെ സ്വീകരിക്കുന്ന അയൽപക്കങ്ങൾ. മെട്രോ നഗരത്തിന്റെ പകിട്ടനുസരിച്ച് വ്യാവസായിക, സാമൂഹിക വികസനം ഉപഗ്രഹ നഗരങ്ങളിലുണ്ടാകും. മുംബയ്ക്ക് ഡോംബ്വ്ലിയും താനെയും നവിമുംബയും ചെന്നൈയ്ക്ക് തിരുവള്ളൂരും കാഞ്ചിപുരവും പോലെയാണ് ഡൽഹിക്ക് നോയിഡയും ഗുരുഗ്രാമും ഗാസിയാബാദും.
എൻ.സി.ആറിന്റെ ആനുകൂല്യം
രാജ്യ തലസ്ഥാനം ഡൽഹിയാണെങ്കിലും സാമൂഹിക, വ്യാവസായിക വികസനം മുന്നിൽ കണ്ട് ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ, ഗുരുഗ്രാം, റോത്തക്, പാനിപ്പത്ത്, കർണാൽ, സോണിപത്, അൽവാർ, ഭരത്പൂർ അടക്കം 23 അതിർത്തി ജില്ലകളെ ചേർത്ത് രാജ്യ തലസ്ഥാന മേഖല(എൻ.സി.ആർ) എന്ന വലിയ മെട്രോപൊളിറ്റൻ കാൻവാസിന് രൂപം നൽകിയിട്ടുണ്ട്. അതായത് ആം ആദ്മി പാർട്ടി ഭരിക്കുന്ന അരവിന്ദ് കേജ് രിവാളിന്റെ ഡൽഹിക്കൊപ്പം രാജ്യതലസ്ഥാനത്തിന്റെ ഭാഗമെന്ന ആനുകൂല്യം അയൽ സംസ്ഥാനങ്ങളും പറ്റുന്നുണ്ട്. എൻ.സി.ആർ പ്രദേശത്തിന് മൊത്തമായിട്ടാണ് വികസനത്തിന്റെ ഡൽഹി മാസ്റ്റർ പ്ളാൻ. ഡൽഹിയിലെ മൊബൈൽ നമ്പരിന് സംസ്ഥാന അതിർത്തിക്കപ്പുറത്ത് എൻ.സി.ആർ മുഴുവൻ റോമിംഗ് ആകാത്ത ഹോം സർക്കിൾ ആണ്.
മുംബയെയും ചെന്നൈയെയും അപേക്ഷിച്ച് പൗരാണികതയുടെ ആഡംബരത്തിനൊപ്പം രാജ്യതലസ്ഥാനത്തിന്റെ പ്രൗഢിയുമുള്ളതിനാൽ ഡൽഹിയിൽ നിയന്ത്രണങ്ങളാണെവിടെയും. പുതിയ നിർമ്മാണങ്ങൾക്കും അംബരചുംബികളായ കെട്ടിടങ്ങൾക്കും വിലക്കുണ്ട്. ഔദ്യോഗിക വസതികളുള്ള മന്ത്രിമാരും ജഡ്ജിമാരും ഉന്നതഉദ്യോഗസ്ഥരും ഒഴിച്ചുള്ളവരെല്ലാം രാപ്പാർക്കുന്നത് ഉപഗ്രഹ നഗരങ്ങളിൽ. അങ്ങനെ ഡൽഹിക്ക് വീടും കുടിയും ഒരുക്കിയാണ് ഒരുകാലത്ത് കുറുക്കൻമാർ ഓരിയിട്ടു നടന്ന ഗുരുഗ്രാമും നോയിഡയുമെല്ലാം ഇന്നത്തെ അവസ്ഥയിലെത്തിയത്.
ഗുരുഗ്രാമിലെ(നേരത്തെ ഗുഡ്ഗാവ്), നോയിഡയിലെ, ഗാസിയാബാദിലെ ഫ്ളാറ്റിൽ താമസിച്ച് മെട്രോ ട്രെയിനിൽ കയറി ഡൽഹിയിൽ ജോലി ചെയ്തു മടങ്ങുന്നവർ 15ലക്ഷത്തിൽ അധികമാണ്. ഡൽഹിയിൽ നിന്ന് ഒരു മണിക്കൂർ യാത്ര മതി ഒരറ്റത്തുള്ള നോയിഡയിൽ നിന്ന് മറ്റേ അറ്റത്തുള്ള ഗുരുഗ്രാമിലെത്താം. ഡൽഹിക്കാർ അന്തിയുറങ്ങുന്ന ബഹുനില ഫ്ളാറ്റ് സമുച്ചയങ്ങളാൽ നിബിഡമാണ് ഗുരുഗ്രാമും ഗാസിയാബാദും. ഡൽഹിയിൽ സ്ഥലമില്ലാത്തതിനാൽ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ അംബര ചുംബികളായ അത്യാധുനിക കെട്ടിടങ്ങൾ ഗുരുഗ്രാമിന് ഒരു പാശ്ചാത്യ നഗരത്തിന്റെ കെട്ടുംമട്ടും നൽകുന്നു. വ്യവസായ സിരാകേന്ദ്രങ്ങളുമാണിവ.
കഥ മാറ്റിയ കൊവിഡ്
ഇതിനിടയിലാണ് ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരെ തമ്മിലടിപ്പിക്കാൻ വില്ലനായ, ക്രൂരനായ കൊവിഡിന്റെ 'എൻട്രി'. അതോടെ നോയിഡക്കാരനും ഗുരുഗ്രാമുകാരനും സ്വന്തം ആരോഗ്യത്തെക്കുറിച്ചായി ചിന്ത. ഡൽഹിയെ ഉപഗ്രഹ നഗരങ്ങളുമായി കോർത്തിണക്കിയ, ആളുകളെ ദിനംപ്രതി അതിർത്തി കടത്തിയിരുന്ന മെട്രോ ട്രെയിനുകൾ ലോക്ക് ഡൗണിൽ നിശ്ചലമായതോടെ റോഡ് മാത്രമായി ആശ്രയം. ജോലി നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ പാലായനത്തിന്റെ ആദ്യ ഘട്ടം ഡൽഹിയിൽ നിന്നായിരുന്നല്ലോ. ഉള്ളതെല്ലാം കെട്ടിമുറുക്കി നാട്ടിലേക്ക് പുറപ്പെട്ട അവരെ സ്വന്തം സംസ്ഥാനങ്ങളായ ഉത്തർപ്രദേശും ഹരിയാനയും സ്വീകരിക്കാൻ മടിച്ചു. സമൂഹ അകലം തെറ്റിച്ച് കൂട്ടംകൂടിയവർ ക്രമസമാധാന പ്രശ്നമായി മാറിയപ്പോൾ ബസുകളിൽ കയറ്റി അയച്ച് ഒരുവിധം സർക്കാരുകൾ തടിതപ്പി.
പിന്നീടുള്ള ദിവസങ്ങളിൽ നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് വഴി ഡൽഹിയിലേക്കുള്ള അതിർത്തി റോഡുകൾ ബാരിക്കേഡുകളിട്ട് അടച്ചു. അവശ്യ സർവീസുകൾക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തിയതോടെ ജനം വലഞ്ഞു. ജോലിക്കായി ദിവസവും ഡൽഹിയിൽ വരേണ്ടവരും ഇവിടെ നിന്ന് പുറത്തു പോകേണ്ടവരും ചെക്ക് പോസ്റ്റുകളിൽ പൊലീസുകാരുമായി വഴക്കിടുന്നത് പതിവായി. പ്രതിഷേധങ്ങൾ കടുക്കുമ്പോൾ ചെറിയ ഇളവുകൾ നൽകുമെങ്കിലും പിന്നാലെ കതകടയ്ക്കും. ഡൽഹിയിൽ ആംആദ്മി പാർട്ടിയും യു.പി, ഹരിയാന സംസ്ഥാനങ്ങളിൽ ബി.ജെ.പി സർക്കാരും ഭരിക്കുന്നതിന്റെ രാഷ്ട്രീയവുമുണ്ട് ഇതിനു പിന്നിൽ. കേജ്രിവാളിന്റെ പിടിപ്പുകേടുകൊണ്ട് കൊവിഡ് കൂടുന്നു അതിനാൽ ജനരക്ഷയ്ക്കായി അതിർത്തി അടയ്ക്കുന്നു എന്നതാണ് രാഷ്ട്രീയ സന്ദേശം.
ആന്റിക്ളൈമാക്സിൽ ഡൽഹിയും
തിരിച്ചു പണികൊടുക്കാൻ ഡൽഹി അതിർത്തി അടച്ച മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നടപടിയാണ് ആന്റി ക്ളൈമാക്സ്. ഡൽഹിയിൽ നിന്നുള്ളവരെ തടഞ്ഞതിനൊരു മറുപടി. പുറത്തുള്ളവർക്ക് ഡൽഹി ആശുപത്രികളിൽ ചികിത്സിക്കാൻ ഇടമില്ലെന്ന ന്യായവും പറഞ്ഞു. വിഷയം കോടതി കയറുകയും ഒരാഴ്ചയ്ക്കു ശേഷം അതിർത്തി തുറക്കുകയും ചെയ്തു. ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ ലോക്കിട്ടതിനാൽ ഡൽഹിക്കാർക്ക് മാത്രം ചികിത്സയെന്ന തീരുമാനം ത്രിശങ്കുവിലാണ്. ഹരിയാനക്കാരനായ മുഖ്യമന്ത്രി കേജ്രിവാൾ ഇങ്ങനെ പറയാമോ എന്ന് ചോദിച്ചവരുണ്ട്. ആരുടെയോ പ്രാക്കാവാം, കേജ്രിവാളിനും പനി പിടിച്ചു. ഭാഗ്യത്തിന് സംഗതി കൊവിഡ് ആയിരുന്നില്ല. പക്ഷേ അപ്പോഴും അതിർത്തിയിൽ കാര്യങ്ങൾ അത്ര സുഗമമല്ല.
നാളെ കൊവിഡ് ഭീതി അകലുമ്പോൾ. ജീവിതം വീണ്ടും ഉരുണ്ടു തുടങ്ങുമ്പോൾ അതിർവരമ്പുകളിലെ ഉടക്കുകൾ എല്ലാവരും മറക്കുമായിരിക്കും. എല്ലാം ശുഭമാകുമായിരിക്കും.