ന്യൂഡൽഹി:പതിറ്റാണ്ടുകൾ നീണ്ട തർക്കങ്ങൾക്കും രാഷ്‌ട്രീയ പ്രക്ഷോഭങ്ങൾക്കും നിയമ യുദ്ധങ്ങൾക്കും ശേഷം അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം ഇന്ന് രാവിലെ എട്ട് മണിക്ക് രുദ്രപൂജയോടെ ആരംഭിക്കും. കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ് ചടങ്ങുകൾ നടക്കുക.
രാമജന്മ ഭൂമിക്ക് സമീപമുള്ള കുബർ തില ക്ഷേത്രത്തിലാണ് ശിവ പ്രാർത്ഥന. ലങ്ക ആക്രമിക്കുന്നതിനുമുമ്പ് ശ്രീരാമൻ ശിവനെ പ്രാർത്ഥിച്ച രീതി പിന്തുടർന്നാണിതെന്ന് ശ്രീ രാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസിന്റെ വക്താവ് മഹന്ത് കമൽ നയൻ ദാസ് അറിയിച്ചു. മഹന്ത് നൃത്യ ഗോപാൽ ദാസിന്റെ പ്രതിപുരുഷനായി മഹന്ത് കമൽ നയൻ ദാസിന്റെയും മറ്റ് പുരോഹിതന്മാരുടെയും കാർമ്മികത്വത്തിലായിരിക്കും ചടങ്ങുകൾ. പ്രാർത്ഥനാ ചടങ്ങുകൾ രണ്ട് മണിക്കൂർ നീളും. അതിന് ശേഷം നിർമ്മാണ ജോലികൾ തുടങ്ങും. ഇന്ന് ക്ഷേത്രത്തിന്റെ അടിത്തറ നിർമ്മാണത്തിനുള്ള ആദ്യ കല്ലുകൾ പാകും.
വർഷങ്ങൾക്ക് മുമ്പു തന്നെ ശിലാന്യാസം നടന്നതിനാൽ ഇനി നിർമ്മാണം തുടങ്ങിയാൽ മതി. ക്ഷേത്ര നിർമ്മാണം തുടങ്ങുന്നതോടെ അയോദ്ധ്യയിൽ വികസനത്തിന്റെ പുതിയൊരു കാലം വരും.
കഴിഞ്ഞ നവംബറിൽ സുപ്രീംകോടതി വിധിയിലൂടെയാണ് അയോദ്ധ്യയിലെ തർക്കഭൂമി രാമക്ഷേത്ര നിർമ്മാണത്തിന് ലഭിച്ചത്. ഭൂമി രാമക്ഷേത്രത്തിന് നൽകണമെന്നും പകരം പള്ളി നിർമ്മിക്കാൻ അഞ്ച് ഏക്കർ ഭൂമി അയോദ്ധ്യയിൽതന്നെ നൽകണമെന്നുമായിരുന്നു വിധി. തുടർന്ന് ഇവിടെ താൽക്കാലികമായി കെട്ടിയുയർത്തിയ ക്ഷേത്രത്തിൽ പൂജിച്ചിരുന്ന രാം ലല്ല വിഗ്രഹം മാർച്ചിൽ ആചാരാഘോഷങ്ങളോടെ പുതിയ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിച്ചു. മേയിൽ പ്രദേശം നികത്തി വെടിപ്പാക്കുന്ന പ്രവൃത്തി ആരംഭിച്ചു.
ഭൂമി ക്ഷേത്രനിർമ്മാണത്തിനായി സുപ്രീംകോടതി ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിലെ വിചാരണ ലക്‌നൗവിലെ പ്രത്യേക കോടതിയിൽ തുടരുകയാണ്