manipur

ന്യൂഡൽഹി: മണിപ്പൂരിൽ ബി.ജെ.പിയിലേക്ക് കൂറുമാറിയ ഏഴ് മുൻ കോൺഗ്രസ് എം.എൽ.എമാർക്ക് നിയമസഭയിൽ പ്രവേശിക്കുന്നതിൽ മണിപ്പൂർ ഹൈകോടതി വിലക്ക് ഏർപ്പെടുത്തി. എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന ആവശ്യത്തിൽ സ്പീക്കർ വൈ. ഖേംചന്ദ് സിംഗ് അന്തിമ തീരുമാനം എടുക്കുന്നത് വരെ ഏഴു പേരും നിയമസഭയിൽ പ്രവേശിക്കരുതെന്നാണ് ജസ്റ്റിസ് കെ.എച്ച് നോബിൻ സിംഗിന്റെ ഉത്തരവ്.

സനാസം ബിറാ സിംഗ്, ജിൻസെൻ ഹൗ, ഔനം വുഖോയ് സിംഗ്, ഗംതംഗ് ഹോകിപ്, യെൻഖോം സർചന്ദ്രസിംഗ്, ക്ഷേത്രിമയും ബിറാ സിംഗ്, പിയോനം ബ്രോജൻ സിംഗ് എന്നിവരാണ് കൂറുമാറിയ കോൺഗ്രസ് എം.എൽ.എമാർ. കപിൽ സിബൽ, എസ്.ജി ഹസ്‌നൈൻ, എൻ. ഇബോട്ടോമ്പി എന്നിവരാണ് കോൺഗ്രസിന് വേണ്ടി കോടതിയെ സമീപിച്ചത്.

2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റിൽ മത്സരിച്ച് വിജയിച്ച ശേഷം ഏഴു പേരും ബി.ജെ.പിയിലേക്ക് കൂറുമാറുകയായിരുന്നു. 60 അംഗ നിയമസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിന് 28 സീറ്റ് ഉണ്ടായിരുന്നു. സഖ്യകക്ഷി അടക്കം 21 സീറ്റ് നേടിയ ബി.ജെ.പി, കൂറുമാറിയ കോൺഗ്രസ് എം.എൽ.എമാരെ കൂട്ടി സർക്കാർ രൂപീകരിക്കുകയായിരുന്നു. കോടതി വിലക്കിന്റെ സാഹചര്യത്തിൽ 19ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് തിരിച്ചടിയാകും. ഏഴ് എം.എൽ.എമാർക്കും തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനാവില്ല.