ന്യൂഡൽഹി: മഹാരാഷ്ട്രയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും കുതിപ്പ് തുടരുന്നു. ഇന്നലെ 120 മരണവും 2259 പുതിയ കേസുകളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 90,787 ആയി. മരണം 3289. മുംബയിൽ മാത്രം 51,100 കേസുകളും 1760 മരണവും ഇതുവരെയുണ്ടായി. ഇന്നലെ 58 മരണവും, 1015 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു
തമിഴ്‌നാട്ടിൽ ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ രോഗികളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 1685 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. 21 മരണം.ചെന്നൈയിൽ മാത്രം 1243 പുതിയ രോഗികൾ ആകെ രോഗ ബാധിതർ 34914.
രാജ്യത്ത് 2.74 ലക്ഷം കേസുകൾ
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2.74 ലക്ഷം കടന്നു. മരണം 7550 പിന്നിട്ടു.24 മണിക്കൂറിനിടെ രാജ്യത്ത് 9,987 പുതിയ രോഗികളും 336 മരണവും. 4785 പേർക്ക് 24 മണിക്കൂറിനിടെ രോഗമുക്തി. രോഗമുക്തി നിരക്ക് 48.47 ശതമാനം.
ഉത്തർപ്രദേശിൽ 18 കൊവിഡ് മരണം കൂടി. ഒരു ദിവസത്തെ ഉയർന്ന മരണസംഖ്യ. 388 പുതിയ രോഗികളും സംസ്ഥാനത്തുണ്ടായി.
-ഗുജറാത്ത് 470 പുതിയ രോഗികളും 33 മരണവും. ആകെ കേസുകൾ 21,000 കടന്നു.
-പശ്ചിമബംഗാളിൽ 372 പുതിയ രോഗികളും പത്തുമരണവും.
-ഡൽഹി പൊലീസ് എസ്.ഐ കൊവിഡ് ബാധിച്ച് മരിച്ചു. 59കാരനായ കരൺബീർ ആണ് മരിച്ചത്.
-ബി.എസ്.ഫ്, സി.ആർ.പി.എഫ് ആശുപത്രികളിൽ റിട്ട.ജവാൻമാർക്കും ഡ്യൂട്ടിക്കിടെ വീരമൃത്യുവരിച്ചവരുടെ കുടുംബാഗങ്ങൾക്കും കൊവിഡ് ചികിത്സ അനുവദിച്ചു.
- കൊവിഡ് സംശയത്തിൽ ഹിമാചൽപ്രദേശിൽ പൊലീസ് ആസ്ഥാനം അടച്ചു. ഡി.ജി.പി ഉൾപ്പെടെ 31 ഓഫീസർമാർ നിരീക്ഷണത്തിൽ
-തെലുങ്കാനയ്ക്ക് പിന്നാലെ പുതുച്ചേരിയിലെയും പത്താംക്ലാസ് പരീക്ഷ ഒഴിവാക്കി. എല്ലാ കുട്ടികൾക്കും അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം
- കൊവിഡ് കേസുകളുയരുന്ന പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നത് നീട്ടാൻ മേഘാലയ സർക്കാർ തീരുമാനിച്ചു
-മദ്ധ്യപ്രദേശിലെ ബർവാഹയിൽ സി.ഐ.എസ്.എഫ് ഹെഡ്‌കോൺസ്റ്റബിൾ കൊവിഡ് ബാധിച്ച് മരിച്ചു
ഡൽഹിയിൽ രോഗമുക്തി കുറവ്
കൊവിഡ് കേസുകളുയരുന്ന ഡൽഹിയിൽ രോഗമുക്തി നിരക്കിലും കുറവ്. 38 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണ നിരക്ക് 2.92 ശതമാനം. ഇത് ദേശീയ ശരാരിയെക്കാൾ കൂടുതലാണ്. ദേശീയ ശരാശരി 2.81 ആണ്.രോഗികളുടെ എണ്ണം ഉയരുന്നതിനാൽ ഡൽഹിയിൽ പ്രഗതിമൈതാനം, തൽക്കട്ടോറ ഇൻഡോർ സ്‌റ്റേഡിയം, ഇന്ദിരാഗാന്ധി ഇൻഡോർ സ്‌റ്റേഡിയം, എൽ.എൻ.ജെ.പി സ്റ്റേഡിയം എന്നിവ കൊവിഡ് ചികിത്സയ്ക്ക് സജ്ജമാക്കാൻ സർക്കാർ നിയോഗിച്ച വിദ്ഗധ സമിതി നിർദ്ദേശിച്ചു.
- കൊവിഡ് രോഗികളെ ചികിത്സിക്കാനായി ഡൽഹിയിൽ ജൂൺ 15ന് 6,600 കിടക്കകൾ ആവശ്യമായി വരുമെന്ന് സംസ്ഥാന സർക്കാർ. ജൂൺ 30ന് 15000, ജൂലായ് 15ന് 33000, ജൂലായ് 31ന് 80,000 കിടക്കളും വേണ്ടിവരും.