cow

ന്യൂഡൽഹി:ഹിമാചലിൽ പശുവിന്റെ വായ് തകർന്ന സംഭവത്തിൽ പ്രതികൾ പശുവിന് ബോംബ് നൽകിയത് ഗോതമ്പുണ്ടയിൽ പൊതിഞ്ഞെന്ന് പൊലീസ് അറിയിച്ചു. പൊട്ടാസ്യം നൈട്രേറ്റും സൾഫറും ചേർത്ത് വീട്ടിൽ നിർമിച്ച ബോംബ് ഗോതമ്പുണ്ടയിലാക്കി പശുവിന് നൽകുകയായിരുന്നു.

വയലിലെ കൃഷി നശിപ്പിക്കാനെത്തുന്ന വന്യജീവികളെ തുരത്തുന്നതിനാണ് ഇത്തരത്തിൽ ഗോതമ്പുണ്ടയിൽ പൊതിഞ്ഞ നിലയിൽ സഫോടകവസ്തു കൃഷിയിടത്തിൽ സൂക്ഷിച്ചതെന്ന് പ്രതി നന്ദലാൽ പൊലീസിനോട് പറഞ്ഞു. നന്ദലാലിനെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ പ്രദേശത്ത് മേയ് 26നാണ് സംഭവം. സ്‌ഫോടക വസ്തുവിൽ പൊതിഞ്ഞ ഗോതമ്പുണ്ട കഴിച്ച പശുവിന്റെ വായ് തകരുകയായിരുന്നു. വായിൽനിന്ന് ചോരയൊലിച്ച് നിൽക്കുന്ന പശുവിന്റെ വിഡിയോ ഉടമസ്ഥൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ഹിമാചലിൽ കൃഷി നശിപ്പിക്കാനെത്തുന്ന മൃഗങ്ങളെ തുരത്തുന്നതിനായി വ്യാപകമായി കെണി ഉപയോഗിച്ചുവരുന്നുണ്ട്. വലയിൽ കുടുക്കുകയും വിഷം വെക്കുകയും വൈദ്യുത വേലി കെട്ടുകയും ചെയ്യുന്നുണ്ട്. മിക്കവാറും കുരങ്ങൻ, മുയൽ, കുറുനരി, കാട്ടുപന്നി തുടങ്ങിയവയാണ് ഇത്തരത്തിലുള്ള കെണിയിൽ അകപ്പെടാറ്.