ന്യൂഡൽഹി: ജൂലായിൽ നടക്കേണ്ട പാർലമെന്റിന്റെ ശീതകാല സമ്മേളനം നീട്ടിവയ്‌ക്കാൻ സാദ്ധ്യത. പാർലമെന്റ് മന്ദിരത്തിനുള്ളിൽ സമൂഹഅകലം പാലിച്ച് സമ്മേളനം നടത്തുക പ്രാവർത്തികമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. പാർലമെന്റിന്റെ സെൻട്രൽ ഹാൾ,സർക്കാർ പരിപാടികൾ നടക്കുന്ന വിജ്ഞാൻഭവൻ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ സമ്മേളനം നടത്തുന്നതും ആലോചിച്ചു.

രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള എന്നിവർ വിളിച്ച അവലോകന യോഗത്തിൽ ഇരുസഭകളിലെയും സെക്രട്ടറി ജനറൽമാർ സമ്മേളനം നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ വിവരിച്ചു. ഇടുങ്ങിയ സഭയ്‌ക്കുള്ളിൽ എല്ലാം അംഗങ്ങളെയും ചുരുങ്ങിയത് ഒരു മീറ്റർ സാമൂഹിക അകലം പാലിച്ച് ഇരുത്താൻ സാധിക്കില്ല. മാർഗരേഖ പാലിച്ചാണെങ്കിൽ രാജ്യസഭയ‌്‌ക്കുള്ളിൽ 60 പേരെയും ലോക്‌സഭയിൽ 100പേരെയും മാത്രമാണ് അനുവദിക്കാനാകുക. കുറച്ചുപേരെ സഭകളിലെ ഗാലറികളിൽ ഇരുത്തിയാലും ഇരിപ്പിടം തികയില്ല.

സംയുക്ത സമ്മേളനം അടക്കം നടക്കാറുള്ള പാർലമെന്റിന്റെ സെൻട്രൽ ഹാൾ, സർക്കാർ പരിപാടികൾ സംഘടിപ്പിക്കുന്ന വിജ്ഞാൻഭവൻ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ സമ്മേളനം നടത്തുന്നതും ആലോചിച്ചെങ്കിലും പ്രായോഗികമല്ലെന്ന് കണ്ടെത്തി. സഭ ചേരാനും ബില്ലുകളും മറ്റും പാസാക്കാനും നിശ്‌ചിത എണ്ണം അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെ എണ്ണം കുറയ്‌ക്കാനുമാകില്ല. പാർലമെന്റ് കമ്മിറ്റികളും ഇതേകാരണങ്ങളാൽ ഇപ്പോൾ സമ്മേളിക്കുന്നില്ല. കുറച്ച് അംഗങ്ങൾ സഭയിലെത്തുകയും ബാക്കിയുള്ളവർ വീഡിയോ കോൺഫറൻസ് വഴി വെർച്വൽ ആയി പങ്കെടുക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്.