cow

ന്യൂഡൽഹി: ഗോ സംരക്ഷണത്തിനായി പുതിയ ഓർഡിനൻസ് പാസാക്കി ഉത്തർപ്രദേശ് സർക്കാർ. പുതിയ നിയമ പ്രകാരം പശുക്കളെ കശാപ്പ് ചെയ്താൽ 10 വർഷം വരെ തടവും അഞ്ച് ലക്ഷം വരെ പിഴയും ലഭിക്കും. നേരത്തെ ഇത് 10,000 രൂപയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം ഓർഡിനൻസിന് അംഗീകാരം നൽകി.

ഉടമകളുടെ സമ്മതമില്ലാതെയോ അനധികൃതമായോ പശുക്കളെ കൊണ്ടുപോകുന്നവർക്കെതിരെയും കേസുണ്ടാകും. പിടിക്കപ്പെടുന്നവർ ഓടിപ്പോകാൻ ശ്രമിച്ചാൽ അവരുടെ ചിത്രങ്ങൾ പൊതുസ്ഥലത്ത് പ്രദർശിപ്പിക്കും. അനധികൃതമായി വാഹനങ്ങളിൽ ബീഫ് കടത്തുന്നത് ഡ്രൈവർക്കും വാഹന ഉടമയ്ക്കും പത്ത് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

പശുവിന് പരിക്കേറ്റാലും ജീവൻ അപകടത്തിലാകുന്ന വിധം വാഹനങ്ങളിൽ കൊണ്ടുപോയാലും ഒരു ലക്ഷം മുതൽ 3 ലക്ഷം വരെ പിഴ ഒടുക്കണം. കൂടാതെ, ഒരു വർഷം മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കും. പശുവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് രണ്ടാമത് പിടിക്കപ്പെട്ടാൽ ശിക്ഷ ഇരട്ടിയാകും. പശുക്കളെ പട്ടിണിക്കിട്ടാലും തടവും പിഴയും ലഭിക്കും.