ന്യൂഡൽഹി: നിയന്ത്രണരേഖയ്‌ക്ക് സമീപം ചൈന വിന്യസിച്ച 10,000ത്തോളം സൈനികരെ മുഴുവൻ പിൻവലിക്കാതെ അതിർത്തിയിലെ സംഘർഷത്തിൽ അയവുണ്ടാകില്ലെന്ന് ഇന്ത്യ.
കഴിഞ്ഞ ദിവസം കിഴക്കൻ ലഡാക് അതിർത്തിയിൽ നിന്ന് ചൈനയുടെ കുറച്ച് സൈന്യം രണ്ടര കിലോമീറ്റർ പിൻവാങ്ങിയിരുന്നു. ഇത് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും രമ്യമായ പരിഹാരത്തിന് ഇതു മതിയാകില്ലെന്ന നിലപാടിലാണ് ഇന്ത്യ. അതിർത്തിയിൽ ഏപ്രിൽ അവസാനത്തെ തത്‌സ്ഥിതി തുടരണമെന്ന ആവശ്യം ചൈന അംഗീകരിക്കാത്തതിലും ഇന്ത്യയ്‌ക്ക് ആശങ്കയുണ്ട്.
ഇന്നലെ മേജർ ജനറൽ തലത്തിൽ ആരംഭിച്ച ചർച്ചകളിൽ ഇന്ത്യ നിലപാട് മുന്നോട്ടു വച്ചതായാണ് സൂചന. വരും ദിവസങ്ങളിൽ കൂടുതൽ സൈനിക ചർച്ചകൾ തീരുമാനിച്ചിട്ടുണ്ട്. കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ഗാൽവൻ താഴ്‌വരയിലെ പട്രോളിംഗ് പോയിന്റ് 14, ഹോട്ട്‌സ്‌പ്രിംഗ് പ്രദേശത്തെ പട്രോളിംഗ് പോയിന്റ് 15 എന്നിവിടങ്ങളിൽ നിന്നാണ് ചൈനീസ് സേന പിൻവാങ്ങിയത്. തുടർന്ന് ഇന്ത്യയും തങ്ങളുടെ സൈന്യത്തെ പിൻവലിച്ചിട്ടുണ്ട്. എന്നാൽ മെയ് ആദ്യവാരമുണ്ടായ സംഘർഷത്തെ തുടർന്ന് ഒരു ഡിവിഷൻ വരുന്ന (10,000ത്തോളം) സൈനികരും പീരങ്കികൾ അടക്കം ആയുധങ്ങളും ചൈന അതിർത്തിയിലുടനീളം വിന്ന്യസിച്ചിട്ടുണ്ട്. മറുപടിയായി ഇന്ത്യയും അത്രയും സൈന്യത്തെ വിന്ന്യസിച്ചു. ഈ സൈനിക സന്നാഹം കുറയ്‌ക്കാതെ സംഘർഷം ലഘൂകരിക്കാൻ കഴിയില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
മാൽഡോയിൽ ജൂൺ ആറിന് നടന്ന ഉന്നതതല സൈനിക ചർച്ചയിൽ ഇതടക്കമുള്ള കാര്യങ്ങളിൽ ഭിന്നതയുണ്ടായതായി അറിയുന്നു. ഗാൽവൻ താഴ്‌വരയിൽ കടന്നുകയറിയ ഭാഗം തങ്ങളുടേതാണെന്ന വാദമാണ് ചൈനയുടേത്. ഭിന്നതകൾ നിലനിൽക്കുന്നത് കാരണമാണ് കൂടിക്കാഴ്‌ചയ്‌ക്കു ശേഷം സംയുക്ത പ്രസ്‌താവന ഉണ്ടാകാതിരുന്നതെന്ന് സൂചനയുണ്ട്. ചർച്ചകളുടെ കൂടുതൽ വിശദാംശങ്ങൾ ഇരുരാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല.