ന്യൂഡൽഹി:കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹത്തോട് അനാദരവ് കാണിക്കുന്നവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്‌ക്ക് കത്ത്. കോൺഗ്രസ് നേതാവും മുൻ കേന്ദ്രനിയമ വകുപ്പ് മന്ത്രിയുമായിരുന്ന അഭിഭാഷകൻ അശ്വനികുമാറാണ് കത്ത് അയച്ചിരിക്കുന്നത്. പുതുച്ചേരിയിൽ കൊവിഡ് ബാധിതന്റെ മൃതദേഹം കുഴിയിലേക്ക് എടുത്ത് എറിയുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്. മരണശേഷം അന്തസോടെയുള്ള മരണാനന്തര ചടങ്ങുകൾ ലഭ്യമാക്കണമെന്നത് ഭരണഘടനയിലെ ആർട്ടിക്കിൾ 21ൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. മൗലികാവകാശ ലംഘനമാണ് പലയിടത്തും നടക്കുന്നത്. കൊവിഡ് ചികിത്സയ്‌ക്ക് പണം നൽകാത്തതിന് മദ്ധ്യവയസ്കനെ ആശുപത്രി അധികൃതർ കട്ടിലിൽ കെട്ടിയിട്ട സംഭവമുണ്ടായത് ദൗർഭാഗ്യകരമാണെന്നും ഏഴ് പേജുള്ള കത്തിൽ പറയുന്നു.