ന്യൂഡൽഹി: ചെലവ് ചുരുക്കലിന്റെ ഭാഗമായി റെയിൽവേയിലെ വിവിധ തസ‌്തികകൾ വെട്ടിക്കുറയ്‌ക്കാനും ഒരേസ്വഭാവമുള്ളവ ലയിപ്പിക്കാനും ആലോചന. ജൂനിയർ, മധ്യനിരകളിലുള്ള തസ്‌തികകളിലാണ് മാറ്റങ്ങൾ.

വിവിധ റെയിൽവേസോണുകളിൽ നിന്നുള്ള ശുപാർശ പ്രകാരം അക്കൗണ്ട്‌സ്, കൊമേഴ്‌സ്യൽ, ഇലക്‌‌ട്രിക്കൽ, മെക്കാനിക്കൽ, എൻജിനിയറിംഗ്, മെഡിക്കൽ, പഴ്സണൽ, ഒാപ്പറേറ്റിംഗ്, സ്‌റ്റോർസ്, സിഗ്‌നൽ ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗങ്ങളിലെ വിവിധ തസ്‌തികകളാണ് ലയിപ്പിക്കുന്നത്. കൊമേഴ്സ്യൽ വിഭാഗത്തിലെ ടിക്കറ്റ് പരിശോധന, റിസർവേഷൻ, അന്വേഷണം തുടങ്ങിയ ജോലികൾ ചെയ്യുന്നവരുടെ തസ്‌തികകൾ ലയിപ്പിച്ചേക്കും.

റെയിൽവേ സംരക്ഷണ സേനയ്‌ക്ക് ടിക്കറ്റ് പരിശോധനയുടെ അധിക ജോലി നൽകണമെന്നതാണ് മറ്റൊരു ശുപാർശ. ഗാർഡ്, ലോക്കോ പൈലറ്റ് തസ്‌തികകൾ ലയിപ്പിക്കണമെന്ന നിർദ്ദേശം ചില സോണുകളിൽ നിന്ന് വന്നിട്ടുണ്ട്. ശമ്പള ബില്ലുകൾ തയ്യാറാക്കുന്നതും പാസാക്കുന്നതും ഒരു വിഭാഗത്തെ ഏൽപ്പിച്ചേക്കും. സ്‌റ്റേഷൻ പരിസരവും ട്രെയിനുകളും വൃത്തിയാക്കൽ അടക്കമുള്ള ജോലികൾ പുറം കരാർ നൽകും.

ശുപാർശകൾ പഠിച്ച് അന്തിമ രൂപം നൽകാൻ എട്ടംഗ സമിതി രൂപീകരിച്ചിട്ടുണ്ട് റെയിൽവേ ബോർഡിലെ പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ കാബിനറ്റ് സെക്രട്ടറി അദ്ധ്യക്ഷനായ സെക്രട്ടറി തല സമിതിക്കും രൂപം നൽകി.