covid-death

ന്യൂഡൽഹി: രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 2.85 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 9,985 പുതിയ രോഗികളും 279 മരണവും. ആകെ മരണം എട്ടായിരം കടന്നു. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണമുണ്ടായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 11-ാമതായി. തൊട്ടുമുന്നിൽ ഇറാനും ( 8506 ), ജർമ്മനിയുമാണ് (8831).

മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഡൽഹിയിലും പുതിയ കൊവിഡ് കേസുകളിൽ കുതിപ്പ് തുടരുകയാണ്. മഹാരാഷ്ട്രയിൽ ഇന്നലെ 3254 പുതിയ രോഗികളും 149 മരണവും. പ്രതിദിന കേസുകളിലെ ഉയർന്ന നിരക്കാണിത്. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 94041. തമിഴ്‌നാട്ടിലും ഒരുദിവസത്തെ ഏറ്റവും ഉയർന്ന പുതിയ കൊവിഡ് രോഗികളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 1927 പുതിയ രോഗികളും 19 മരണവും. ഒരാഴ്ചയ്ക്കിടെ 14,508 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. സംസ്ഥാനത്തെ ആകെ കേസുകൾ 36,841 ആയി ഉയർന്നിട്ടുണ്ട്. മരണം 361.

ദേശീയതലസ്ഥാനമായ ഡൽഹിയിൽ 1501 പുതിയ രോഗികൾ കൂടിയായതോടെ ആകെ കേസുകൾ 32,810 ആയി. 48 പേർ കൂടി മരിച്ചു.

 കൂടുതൽ രോഗമുക്തർ

രാജ്യത്ത് ഇതുവരെ 50 ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിച്ചു. 24 മണിക്കൂറിനിടെ 145216 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് 24 മണിക്കൂറിനിടെ 5,991 പേർക്കാണ് രോഗംഭേദമായത്. രോഗമുക്തി നിരക്ക് 48.88 ശതമാനം. ഇതുവരെ 1,35,205 പേർക്ക് രോഗംഭേദമായി. ചികിത്സയിലുള്ളവരുടെ എണ്ണം 1,33,632 ആണ്. ഇത് ആദ്യമായാണ് ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാൾ രോഗമുക്തരുടെ എണ്ണം വ‌ർദ്ധിക്കുന്നതെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.

 കാശ്മീരിൽ 28 സി.ആർ.പി.എഫ് ജവാന്മാർക്ക് കൊവിഡ്

 ഒരുമാസത്തിന് ശേഷം ആൻഡമാൻ നിക്കോബാറിൽ വീണ്ടും കൊവിഡ്. ചെന്നൈയിൽ നിന്നെത്തിയ ഒരാൾക്കും ഡൽഹിയിൽ നിന്നെത്തിയ ഒരു വനിതയ്ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

 ഡൽഹി സാകേത് മെട്രൊപോളിറ്റൻ മജിസ്‌ട്രേറ്റ് മയൂരി സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. മജിസട്രേറ്റ് കേസുകൾ പരിഗണിച്ച കോടതി മുറി, അതിനോട് ചേർന്ന സ്റ്റാഫ് റൂം, ചേംബർ എന്നിവ അണുവിമുക്തമാക്കാൻ ജില്ലാ ജഡ്ജ് നിർദ്ദേശിച്ചു.

 ഒരു ബി.എസ്.എഫ് ജവാൻ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 35കാരനായ കോൺസ്റ്റബിൾ വിനോദ് കുമാർ പ്രസാദ് ആണ് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ കേന്ദ്രപൊലീസ് സേനകളിലെ കൊവിഡ് മരണം 14 ആയി.