markets
MARKETS

ന്യൂഡൽഹി: രാജ്യത്തെ വിവിധ നഗരങ്ങളിലെയും മുനിസിപ്പാലിറ്റികളിലെയും മാർക്കറ്റുകളിൽ കാൽനടക്കാർക്കു വേണ്ടി പ്രത്യേക പാതകൾ ഉറപ്പാക്കാൻ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. പത്തു ലക്ഷത്തിലധികം ജനസംഖ്യയുള്ള

നഗരങ്ങളിൽ കുറഞ്ഞതു മൂന്നു മാർക്കറ്റുകളിലും പത്തു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളിൽ ഒരു മാർക്കറ്റിലും പാതകൾ കാൽനട യാത്രാ സൗഹൃദമായിരിക്കണമെന്ന് നഗരകാര്യ മന്ത്രാലയം സെക്രട്ടറി ദുർഗാ ശങ്കർ മിശ്ര അയച്ച ഉത്തരവിൽ പറയുന്നു.

മാർക്കറ്റുകളിൽ സാമൂഹിക അകലം പാലിച്ച് നടക്കാൻ സാധിക്കുന്നവിധം നടപ്പാതകൾ നിർമിക്കണം. മരങ്ങൾ സംരക്ഷിച്ചുകൊണ്ടും പരിസ്ഥിതി സൗഹൃദപരവുമായിരിക്കണം നടപ്പാതകൾ. പ്രത്യേകം പാതയിൽ സൈക്കിൾ യാത്രക്കാരെയും അനുവദിക്കാം.

ഏതൊക്കെ മാർക്കറ്റുകളാണ് കാൽനടയാത്ര സൗഹൃദമാക്കുകയെന്ന് തീരുമാനിച്ച് 30നു മുമ്പ് വിജ്ഞാപനം ഇറക്കണം. കച്ചവടക്കാർ, നഗരസഭാ ഉദ്യോഗസ്ഥർ, ട്രാഫിക് പൊലീസ്, സ്ഥല ഉടമകൾ, സാധനങ്ങൾ വാങ്ങാനെത്തുന്നവർ തുടങ്ങിയവരുമായി ചർച്ച നടത്തി സെപ്‌തംബർ 30നു മുമ്പ് തീരുമാനമെടുക്കണം.. നവംബറിൽ ഒന്നാം ഘട്ട നിർമാണത്തിന് മുമ്പ്, രൂപരേഖ സജ്ജമാക്കണം.