ന്യൂഡൽഹി: തന്റെ ഉദരത്തിലെ ഇരുപത്തിരണ്ട് ആഴ്ച വളർച്ചയുള്ള ഇരട്ടശിശുക്കളിൽ ജനിതക വൈകല്യത്തിന് സാദ്ധ്യതയുള്ള ഒന്നിനെ ഗർഭച്ഛിദ്രം ചെയ്യാൻ അനുമതി തേടി യുവതി സുപ്രീംകോടതിയിൽ.
ഒരു ശിശുവിന് ഡൗൺ സിൻഡ്രോം എന്ന വൈകല്യം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് മുംബയ് സ്വദേശി കോമൾ ഹിവാലി (33) ഹർജി നൽകിയത്.
ഹർജി പരിഗണിച്ച ജസ്റ്റിസ് ആർ.ഭാനുമതി ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് അമ്മയ്‌ക്കും രണ്ടാമത്തെ കുഞ്ഞിനും കുഴപ്പമുണ്ടാകാതെ ഗർഭച്ഛിദ്രം സാദ്ധ്യമാണോയെന്ന് ആരാഞ്ഞു. വിശദമായ റിപ്പോർട്ടിനായി യുവതിയെ ചികിത്സിക്കുന്ന ജെ.ജെ.ആശുപത്രി ഡീൻ ഉൾപ്പെട്ട മെഡിക്കൽ സമിതി രൂപീകരിച്ചു. ഗർഭച്ഛിദ്രം വൈകുന്തോറും അമ്മയ്‌ക്ക് അപകടമുണ്ടാകാനിടയുണ്ടെന്ന് യുവതിയുടെ അഭിഭാഷകൻ ബെഞ്ചിനെ അറിയിച്ചു. തുടർന്ന് 13ന് റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ ബോർഡിനോട് കോടതി നിർദ്ദേശിച്ചു.15ന് കേസ് പരിഗണിക്കും.
മേയ് 8ന് നടന്ന പരിശോധനയിലാണ് ഇരട്ടകളിൽ ഒരാൾക്ക് ഡൗൺ സിൻഡ്രോം ഉണ്ടാകാമെന്ന് തെളിഞ്ഞത്. തുടർ പരിശോധനകളിലും ഈ ഫലം ആവർത്തിച്ചതോടെ യുവതി ഗർഭച്ഛിദ്രം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അപകട സാദ്ധ്യത കണക്കിലെടുത്ത് കോടതി ആവശ്യം തള്ളി. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.