palgar


ന്യൂഡൽഹി:മഹാരാഷ്ട്രയിലെ പാൽഗർ ജില്ലയിൽ രണ്ട് സന്യാസി അടക്കം മൂന്ന് പേരെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവം സി.ബി.ഐയോ എൻ.ഐ.എയോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. എന്നാൽ ഈ ഹർജി ബോംബ ഹൈക്കോടതി തള്ളിയതാണെന്നും അതിനാൽ പരിഗണിക്കരുതെന്ന് മഹാരാഷ്ട്ര സർക്കാർ കോടതിയിൽ അറിയിച്ചു. ഹർജിയിൽ മഹാരാഷ്ട്ര സർക്കാർ,സംസ്ഥാന ഡി.ജി.പി, എൻ.ഐ.എ, സി.ബി.ഐ, കേന്ദ്രം എന്നിവർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

മരിച്ച സന്യാസിമാരുടെ ബന്ധുക്കളും പഞ്ച് ദശ്ബൻ ഗുണ അഖാരയിലെ ഹിന്ദു സന്യാസിമാരുമാണ് ഹർജിക്കാർ.സംസ്ഥാന പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നാണ് ഇവരുടെ വാദം.

ജൂലായ് രണ്ടാമത്തെ ആഴ്ച കേസ് വീണ്ടും പരിഗണിക്കും.

ഏപ്രിൽ 16ന് മഹാരാഷ്ട്രയിലെ പാൽഗർ ജില്ലയിൽ വച്ച് സന്യാസിമാരായ മഹന്ത് കൽപ്പവൃക്ഷ ഗിരി (70), സുശീൽഗിരി മഹാരാജ് (35), ഡ്രൈവർ നരേഷ് യെൽഗഡെ എന്നിവരെ ആൾക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് തെറ്റിദ്ധരിച്ചാണിതെന്നാണ് പൊലീസ് ഭാഷ്യം.