മുംബയ് :'ധാരാവി, ധാരാവി എന്നു കേട്ടിട്ടില്ലേ..." ഒരു സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം ചോദിക്കുന്ന പ്രശസ്‌തമായ ഡയലോഗ്. ധാരാവിയെ ഇന്ത്യയിലും വിദേശത്തും അറിയാത്തവർ ആരുമില്ല. ഇന്ത്യയിലെ കൊവിഡ് മഹാമാരിയുടെ കേന്ദ്രമായി മുംബയെ മാറ്റിയ ഏഷ്യയിലെ ഏറ്റവും വലിയ ചേരി. പക്ഷേ, കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിന്നും വരുന്നത് ആശ്വാസത്തിന്റെ, പ്രതീക്ഷയുടെ വാർത്തകളാണ്. ധാരാവിയിലെ പുതിയ രോഗികളുടെ എണ്ണവും മരണവും പിടിച്ചു നിറുത്താനായത് മഹാരാഷ്ട്രയ്ക്ക് നൽകുന്ന ആശ്വാസം ചില്ലറയല്ല.
ഏപ്രിൽ ഒന്നിന് ധാരാവിയിൽ ആദ്യ കൊവിഡ് രോഗി. പിന്നീട് രോഗം പടർന്നു പിടിച്ചു. ആകെ 1900 രോഗികൾ. 71മരണം. എന്നാൽ 900ത്തോളം പേർക്ക് രോഗം ഭേദമായി. ജൂൺ ഒന്നിന് 34 കേസുകൾ. പിന്നീടത് കുറഞ്ഞു വന്നു. ഏറ്റവും പ്രധാനം കുറച്ചു ദിവസമായി മരണം റിപ്പോർട്ടു ചെയ്യുന്നില്ല എന്നതാണ്.
ലക്ഷക്കണക്കിന് ജനങ്ങൾ സമൂഹ്യ അകലമില്ലാതെ താമസിക്കുന്ന സ്ഥലത്ത് കൊവിഡ് വൻ വിപത്ത് സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അവിടെയാണ് ബൃഹത് മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ അസി. മുനിസിപ്പൽ കമ്മിഷണർ ദിഗാവ്‌കറിന്റെ നേതൃത്വത്തിൽ കുനാൽ കനാസെയെപ്പോലുള്ള പൊതുപ്രവർത്തകരുടെയും ആരോഗ്യ, സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കണ്ടത്.
കാലിത്തൊഴുത്ത് പോലുള്ള പാർപ്പിടങ്ങൾ
തൊട്ടുരുമി സ്ഥിതി ചെയ്യുന്ന തകരമേൽക്കൂരയിട്ട ഒറ്റമുറി വീടുകൾക്കുള്ളിൽ സമൂഹ അകലം പാലിക്കാൻ കഴിയാതെ കൂട്ടമായി കഴിയുന്ന ആളുകൾ. പൊതു ശൗചാലയങ്ങൾ, ഫാക്‌ടറികൾ, ഒറ്റപ്പെട്ട കടകൾ, ഒരു വശത്ത് മാലിന്യം നിറഞ്ഞ മിത്തി നദി, ചേരികൾക്കിടയിലൂടെ തുറന്നിട്ട അഴുക്കുചാലുകൾ, വൃത്തിഹീനമായ തെരുവുകൾ, ഇതാണ് ധാരാവിയുടെ പൊതു ചിത്രം. മുംബയിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളിലേറെയും താമസിക്കുന്നത് 200 രൂപയിൽ താഴെ മാസ വാടകയ്‌ക്ക് വീടു കിട്ടുന്ന ധാരാവിയിൽ.
കൊവിഡിന് മുക്കുകയറിട്ട നടപടികൾ:
6-7 ലക്ഷം പേരെ പരിശോധനയ്‌ക്ക് വിധേയരാക്കി
രോഗലക്ഷണങ്ങളുള്ളവരെയും രോഗം പിടിപെടാൻ സാദ്ധ്യതയുള്ളവരെയും പ്രത്യേകം നിരീക്ഷണത്തിലാക്കി.
ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊലീസിനെ വിന്യസിച്ചു.
സ്വദേശങ്ങളിലേക്ക് പോകാൻ താത്പര്യപ്പെട്ട തൊഴിലാളികളെ കണ്ടെത്തി ശ്രമിക് ട്രെയിനുകളിലും ബസുകളിലും അയച്ചു.
പൊതു ശൗചാലയങ്ങൾ ദിവസവും അണുവിമുക്തമാക്കി.
സന്നദ്ധ സംഘടനകൾ വഴി ചേരി നിവാസികൾക്ക് ഭക്ഷണം ഉറപ്പാക്കി.
പുറത്തിറങ്ങിയവരുടെ സമൂഹ്യഅകലം ഉറപ്പാക്കി.