suprim-court

ന്യൂഡൽഹി : സംവരണം മൗലികാവകാശമല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ സുപ്രീംകോടതി,​ തമിഴ്നാട്ടിലെ മെഡിക്കൽ കോളേജുകളിൽ അൻപത് ശതമാനം ഒ.ബി.സി. സംവരണം വേണമെന്ന വിവിധ രാഷ്‌ട്രീയ കക്ഷികളുടെ ആവശ്യം അംഗീകരിച്ചില്ല.

തമിഴ്നാട്ടിലെ മെ‌ഡിക്കൽ കോളേജുകളിൽ കേന്ദ്രം 50ശതമാനം ഒ.ബി.സി. സംവരണം നടപ്പാക്കാത്തത് സംസ്ഥാനത്തെ ജനങ്ങളുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു ഹർജികളിലെ ഒരു വാദം. മൗലികാവകാശ ലംഘനം ചോദ്യം ചെയ്യുന്ന ഭരണഘടനയിലെ 32ാം വകുപ്പ് പ്രകാരമായിരുന്നു ഒരു റിട്ട് ഹർജി. സംവരണം മൗലികാവകാശം അല്ലെന്നിരിക്കെ എന്ത് മൗലികാവകാശമാണ് ലംഘിച്ചതെന്ന് ചോദിച്ച കോടതി 32ാം വകുപ്പ് പ്രകാരം ഹർജി നിലനിൽക്കില്ലെന്ന് വ്യക്തമാക്കി. 50 ശതമാനം ഒ.ബി.സി. സംവരണം നടപ്പാക്കാത്തതിൽ മൗലികാവകാശ ലംഘനം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് എൽ. നാഗേശ്വര റാവുവിന്റെ മൂന്നംഗ ബെഞ്ച് ഹർജി പിൻവലിക്കാൻ കക്ഷികൾക്ക് അവസരം നൽകി. ഇല്ലെങ്കിൽ തള്ളുമെന്നും ഹൈക്കോടതിയെ സമീപിക്കാമെന്നും നിർദ്ദേശിച്ചു. തുടർന്ന് കക്ഷികൾ ഹർജികൾ പിൻവലിച്ചു.

തമിഴ്നാട് സർക്കാരും ഭരണകക്ഷിയായ എ. ഡി. എം. കെയും പ്രതിപക്ഷ ഡി. എം. കെയും കോൺഗ്രസും സി. പി. എമ്മും ഉൾപ്പെടെ ഇതേ ആവശ്യവുമായി വെവ്വേറെ ഹർജികൾ സമർപ്പിച്ചിരുന്നു. തമിഴ്നാട്ടിലെ കോളേജുകളിൽ എസ്.സി,​ എസ്.ടി, ഒ.ബി.സി. വിദ്യാർത്ഥികൾക്ക് 69 ശതമാനം സംവരണമുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഇതിൽ അൻപത് ശതമാനവും ഒ.ബി.സിക്ക് നൽകണമെന്നും അതുവരെ നീറ്റ് പരീക്ഷ നീട്ടി വയ്‌ക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്നും ഹ‌ർജിക്കാർ ആവശ്യപ്പെട്ടിരുന്നു. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുള്ള രാഷ്ട്രീയപാർട്ടികൾ സമാന ആവശ്യങ്ങൾക്ക് ഒരുമിച്ച് ഹർജിയുമായി എത്തുന്നതിൽ സന്തോഷമുണ്ടെന്ന് ജസ്‌റ്റിസ്‌മാരായ കൃഷ്ണ മുരാരി, രവീന്ദ്ര ഭട്ട് എന്നിവരും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.

ഫെബ്രുവരിയിലും സമാനവിധി

കഴിഞ്ഞ ഫെബ്രുവരിയിൽ അദ്ധ്യാപക നിയമനത്തിൽ എസ്.സി/ എസ്.ടി. സംവരണം ആവശ്യപ്പെട്ട കേസിലും സംവരണം മൗലികാവകാശമല്ലെന്ന് ജസ്റ്റിസ് എൽ.നാഗേശ്വര റാവുവിന്റെ രണ്ടംഗ ബെഞ്ച് വിധിച്ചിരുന്നു. സർക്കാർ ജോലികളിൽ സംവരണം നൽകാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടാൻ കോടതിക്ക് ആകില്ലെന്നും അന്നത്തെ ഉത്തരവിൽ പറഞ്ഞു..