ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് സമൂഹവ്യാപനമുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ഐ.സി.എം.ആർ.
കൊവിഡ് വ്യാപനത്തിന്റെ തോത് പഠിക്കാൻ രൂപീകരിച്ച സീറോ സർവേയുടെ അടിസ്ഥാനത്തിലാണിത്. ലോക്ക്ഡൗണും നിയന്ത്രണങ്ങളും രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് തടഞ്ഞുവെന്ന് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് കൊവിഡ് വ്യാപന തോത് വളരെ ചെറിയ അളവിലാണ്. ചെറിയ ജില്ലകളിൽ വ്യാപനത്തിന്റെ തോത് ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. നഗരങ്ങളിലും ചേരികളിലുമാകട്ടെ കുറച്ച് കൂടി അധികം. പരിശോധനകളും ചികിത്സയും ഫലപ്രദമായി മുന്നേറുകയാണ്. അതിന് ഉത്തമ ഉദാഹരമാണ് കഴിഞ്ഞ ജനുവരിയിൽ കൊവിഡ് പരിശോധനയ്ക്ക് ആകെയുണ്ടായിരുന്ന ഒരു ലാബിൽ നിന്ന് ഇന്ന് 850 ലാബുകളായി വർദ്ധിച്ചത്. എന്നാൽ കൊവിഡ് ഭീഷണി മാസങ്ങളോളം നീണ്ടു നിൽക്കുമെന്നതിനാൽ വലിയൊരു ജനവിഭാഗം ഇപ്പോഴും ഭീതിയുടെ നിഴലിലാണെന്നും കരുതൽ ആവശ്യമാണെന്നും ബൽറാം ഭാർഗവ പറഞ്ഞു
സർവേയിലെ കണ്ടെത്തലുകൾ
ലോക്ക്ഡൗണും നിയന്ത്രണങ്ങളും രോഗവ്യാപനം തടയാൻ ഫലപ്രദമായി.
നഗരങ്ങളിലും ചേരികളിലുമുള്ളവർക്ക് രോഗസാദ്ധ്യത അധികം.
രാജ്യത്തെ വലിയൊരു ജനവിഭാഗം രോഗഭീതിയിൽ.
സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, കൈ കഴുകൽ തുടങ്ങിയവ പാലിക്കണം.
ചേരികളിൽ ലോക്ക്ഡൗൺ തുടരുന്നത് ഫലം ചെയ്യും.
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ എന്നിവരെ പ്രത്യേകം പരിരക്ഷിക്കണം.
സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ തുടരണം.
സീറോ സർവേ
സംസ്ഥാന ആരോഗ്യ വിഭാഗം, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ലോകാരോഗ്യ സംഘടന എന്നിവരുടെ സഹകരണത്തോടെ മേയിൽ ആരംഭിച്ച സീറോ സർവേയിൽ രണ്ട് ഭാഗങ്ങളാണുള്ളത്. ആദ്യ ഭാഗത്ത് ഹോട്ട്സ്പോട്ടുകൾ അല്ലാത്തയിടങ്ങളിലെ കൊവിഡ് ബാധിതരുടെയും രണ്ടാം ഭാഗത്തിൽ ഹോട്ട് സ്പോട്ടുകൾ, കണ്ടെയ്ൻമെന്റ് സോണുകൾ എന്നിവിടങ്ങളിലെ കൊവിഡ് ബാധിതരുടെ സാമ്പിളുകളുമാണ് പഠനത്തിന് വിധേയമാക്കിയത്. ഇതിനായി 83 ജില്ലകളിൽ നിന്നുള്ള 26,400 സാമ്പിളുകൾ ശേഖരിച്ചു. 65 ജില്ലകളിലെ പൂർണ വിവരങ്ങളുമായി ആദ്യ ഭാഗം പൂർത്തിയായി.