india-china-relation-

ന്യൂഡൽഹി: ലഡാക്കിൽ ഇന്ത്യാ-ചൈനാ അതിർത്തിയിലെ സംഘർഷം നയതന്ത്ര-സൈനിക തല ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ ഡൽഹിയിലും ചൈനീസ് സൈനിക വക്താവ് ഹുവാ ചുൻയിംഗ് ബീജിംഗിലും വ്യക്തമാക്കി. എന്നാൽ നടപടികളെക്കുറിച്ച് വിശദീകരിക്കാൻ ഇരുവരും തയ്യാറായില്ല.

സേനാ കമാൻഡർമാരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളിൽ ഫലം കണ്ടുതുടങ്ങിയെന്നാണ് സൂചന. അതിർത്തിയിൽ സമാധാനം നിലനിറുത്താൻ ഇരുരാജ്യങ്ങളുടെയും നേതാക്കൾ രൂപംനൽകിയ ഉടമ്പടികൾ പാലിച്ച് ഉടൻ പരിഹാരം കണ്ടെത്താനാണ് ശ്രമമെന്ന് അനുരാഗ് ശ്രീവാസ്‌തവ വ്യക്തമാക്കി. നയതന്ത്ര-സൈനിക തലത്തിൽ നടക്കുന്ന ഉഭയകക്ഷി സമാധാന ശ്രമങ്ങളുടെ തുടർച്ചയായാണ് ജൂൺ ആറിന് സൈനിക കമാൻഡർമാരുടെ കൂടിക്കാഴ്‌ച നടന്നത്. മുൻ ഉടമ്പടികൾ പാലിച്ച് രമ്യമായ പരിഹാരം കാണാൻ കൂടിക്കാഴ്‌ചയിൽ ധാരണയായെന്നും ശ്രീവാസ്‌തവ അറിയിച്ചു.

നയതന്ത്ര, സൈനിക തലത്തിൽ ഇരുപക്ഷവും നല്ല ആശയവിനിമയം നടത്തി കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ചുൻയിംഗ് വിശദീകരിച്ചു. സൈന്യങ്ങളുടെ പിൻമാറ്റം സംബന്ധിച്ച ചോദ്യങ്ങൾക്ക് ഇരുവരും മറുപടി നൽകിയില്ല.

ഇന്ത്യ റോഡ് നിർമ്മാണം

വീണ്ടും തുടങ്ങി

ഇന്ത്യാ-ചൈന അതിർത്തിയിലെ തന്ത്രപ്രധാനമായ മുൻസിയാരി-ബുഗ്‌ദിയാർ-മിലാം ഭാഗത്തെ റോഡ് നിർമ്മാണം ബോർഡർ റോഡ് ഓർഗനൈസേഷൻ പുനരാരംഭിച്ചു. ലാപ്‌സ ഭാഗത്ത് വലിയ പാറകൾ പൊട്ടിക്കാനുള്ള യന്ത്ര സാമഗ്രികൾ ഹെലികോപ്‌ടറിൽ എത്തിച്ചാണ് ഇടയ്ക്ക് നിന്നുപോയ റോഡു പണി നടത്തുന്നത്. ഹിമാചലിലെ പിത്തോരാഗഡ് ജില്ലയിൽ ജൊഹാർ താഴ്‌വരയിലൂടെ 65കിലോമീറ്റർ നീളത്തിൽ കടന്നുപോകുന്ന റോഡ് ഇന്ത്യ-ചൈനാ അതിർത്തിയിലെ അവസാന സൈനിക പോസ്‌റ്റ് വരെ എത്തും.

2010ൽ ആരംഭിച്ച റോഡിന്റെ 40കിലോമീറ്ററോളം പൂർത്തിയായി. വലിയ പാറക്കെട്ടുകൾ പൊട്ടിച്ചാൽ ബാക്കി ഭാഗവും ഉടൻ പൂർത്തിയാക്കാനാകും. അതിർത്തിയോട് ചേർന്ന് ഇന്ത്യ റോഡുകൾ നിർമ്മിക്കുന്നതിൽ ചൈനയ്‌ക്ക് സ്വൈര്യക്കേടുണ്ട്. പാംഗോംഗ് ടിസോ തടാകത്തിനു സമീപത്തെ റോഡ് നിർമ്മാണമാണ് ഇപ്പോഴത്തെ സംഘർഷത്തിന് വഴിതെളിച്ചത്.