modi

ന്യൂഡൽഹി: ധീരമായ തീരുമാനങ്ങളെടുക്കാനും വലിയ നിക്ഷേപങ്ങൾ നടത്താനും പറ്റിയ സാഹചര്യമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വയം പര്യാപ്‌തത കൈവരിക്കാൻ ഇതിലും പറ്റിയ അവസരമില്ലെന്നും ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് വാർഷിക സമ്മേളനത്തിൽ സംസാരിക്കവെ മോദി പറഞ്ഞു.

ചുഴലിക്കാറ്റുകൾ മുതൽ വെട്ടുകിളി ആക്രമണം വരെയുള്ള ദുരന്തങ്ങളെ രാജ്യം ഒറ്റക്കെട്ടായി നേരിടുകയാണെന്നും ഏത് പ്രതിസന്ധിയും സ്വയംപര്യാപ്ത ഇന്ത്യ (ആത്മനിർഭർ ഭാരത്) നിർമ്മിക്കാനുള്ള അവസരമാണ് നമുക്ക് നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ സമ്പദ്ഘടനയെ ദൂരെ നിന്ന് നിയന്ത്രിക്കുന്ന 'കമാൻഡ് ആൻഡ് കൺട്രോൾ' രീതിയിൽ നിന്ന് പെട്ടെന്ന് ഫലമുണ്ടാകുന്ന 'പ്ലഗ് ആൻഡ് പ്ലേ' സമ്പ്രദായത്തിലേക്ക് കൊണ്ടുപോകണം. ആഗോളതല നിലവാരമുള്ള ഒരു ആഭ്യന്തര വിതരണ ശൃംഖലയുണ്ടാക്കാനുള്ള ധീരമായ തീരുമാനങ്ങളുടെയും നിക്ഷേപങ്ങളുടെയും സമയമാണിത്. യാഥാസ്ഥിതിക സമീപനങ്ങൾ വെടിയണം. ഇപ്പോൾ ഇറക്കുമതി ചെയ്യുന്നവയെല്ലാം കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യയെ മാറ്റാൻ പ്രവർത്തിക്കണം. ഓരോ ഉത്പന്നത്തിലും ഭാരതീയത ഉൾച്ചേർത്ത് മറ്റു രാജ്യങ്ങളിൽ വിപണിയുണ്ടാക്കാം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധനം വഴി ചണവ്യാപാരം വർദ്ധിച്ചത് പശ്ചിമബംഗാളിന് ഗുണകരമായി. സൗരോർജ്ജ ശേഖരണശേഷി കൂടുതലുള്ള ബാറ്ററികളുടെ നിർമ്മാണത്തിനായി കൂടുതൽ നിക്ഷേപങ്ങളുണ്ടാവണമെന്നും മോദി പറഞ്ഞു.