medical-seat

ന്യൂഡൽഹി: നീറ്റ് വഴിയുള്ള മെഡിക്കൽ പ്രവേശനത്തിന്റെ കേന്ദ്ര ക്വാട്ടയിൽ ഒ.ബി.സി സംവരണം പൂർണമായും അട്ടിമറിച്ചതായി ആൾ ഇന്ത്യ ഫെഡറേഷൻ ഒഫ് ഒ.ബി.സി. എംപ്ളോയീസ് വെൽഫെയർ അസോസിയേഷൻ ആരോപിച്ചു. ദേശീയ പിന്നാക്ക കമ്മിഷനും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധനനും പരാതി നൽകിയിട്ടുണ്ടെന്ന് ആൾ ഇന്ത്യ ഫെഡറേഷൻ ഒഫ് ഒ.ബി.സി. എംപ്ലോയീസ് വെൽഫയർ അസോസിയേഷൻ ജനറൽ സെക്രട്ടറി ജി. കരുണാനിധി അറിയിച്ചു.

മണ്ടൽ കമ്മിഷൻ റിപ്പോർട്ട് പ്രകാരം 1990 ആഗസ്റ്റ് 8ന് കേന്ദ്രസർക്കാർ തൊഴിൽ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഒ.ബി.സി വിഭാഗത്തിന് 27 ശതമാനം സംവരണം ഏർപ്പെടുത്തി ഉത്തരവിറക്കി.

എന്നാൽ, നീറ്റ് നടപ്പാക്കിയ 2013 മുതൽ അട്ടിമറി നടന്നു. ആകെ മെഡിക്കൽ സീറ്റുകളുടെ പതിനഞ്ച് ശതമാനം സീറ്റുകളാണ് കേന്ദ്ര ക്വാട്ടയിലുണ്ടാവുക. കേന്ദ്ര സ്ഥാപനങ്ങളും സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളജുകളിലെ നിശ്ചിത എണ്ണം സീറ്റും അടങ്ങുന്നതാണ് ഈ കേന്ദ്ര ക്വാട്ട. സെൻട്രൽ എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് റിസർവേഷൻ ആക്ട് പ്രകാരം സംസ്ഥാന സർക്കാറിന് കീഴിലുള്ള സ്ഥാപനങ്ങളിലെ കേന്ദ്ര ക്വാട്ട സീറ്റുകളിൽ സംവരണം വേണ്ടതില്ലെന്ന കേന്ദ്രസർക്കാർ വാദമാണ് സംവരണ അട്ടിമറിക്ക് ഇടയാക്കിയത്.