ന്യൂഡൽഹി: സ്‌പെക്ട്രം ഉപയോഗത്തിന്റെയും ലൈസൻസ് ഫീസിന്റെയും എ.ജി.ആർ.( അഡ്‌ജസ്റ്റഡ് ഗ്രോസ് റവന്യൂ ) കുടിശിക തീർക്കാത്തതിന് ടെലികോം കമ്പനികളെ സുപ്രീംകോടതി വീണ്ടും ശാസിച്ചു. കുടിശിക അടയ്ക്കുന്നതിൽ സ്വകാര്യ ടെലികോം കമ്പനികൾക്ക് യാതൊരു ഇളവും അനുവദിക്കില്ല. ഈ തുക മുഴുവനായി അടയ്ക്കാനും എങ്ങനെ നൽകാമെന്നതും സമയപരിധി സംബന്ധിച്ചും സത്യവാങ്മൂലം നൽകാനും കമ്പനികൾക്ക് കോടതി നിർദേശവും നൽകി.
സ്വകാര്യ കമ്പനികളുടെ കുടിശിക നിലനിൽക്കേ സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനികളിൽ നിന്ന് നാലു ലക്ഷം കോടി രൂപ ആവശ്യപ്പെട്ടതിന് ടെലികോം വകുപ്പിനെയും കോടതി രൂക്ഷമായി വിമർശിച്ചു.
കുടിശിക അടയ്ക്കാൻ സ്വകാര്യ ടെലികോം കമ്പനികൾക്ക് 20 വർഷത്തെ കാലാവധി ആവശ്യപ്പെട്ട് ടെലികോം വകുപ്പ് നൽകിയ അപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ അരുൺ മിശ്ര, എസ്. അബ്ദുൾ നസീർ, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച്.
ഒറ്റയടിക്ക് തുക നൽകുന്നത് സ്വകാര്യ കമ്പനികൾക്ക് ബുദ്ധിമുട്ടാകുമെന്നും കോടതി എതിർത്താൽ ടെലികോം മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും ടെലികോം വകുപ്പിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. സർക്കാർ ഇക്കാര്യം പരിശോധിച്ചതായും ഉപയോക്താക്കൾ കഷ്ടത അനുഭവിക്കുമെന്നും സോളിസിറ്റർ ജനറൽ ബോധിപ്പിച്ചു. ഇതിനോടു അതിരൂക്ഷമായാണ് ബെഞ്ച് പ്രതികരിച്ചത്. ''സർക്കാരിനു ലഭിക്കേണ്ട കുടിശിക പിരിച്ചെടുക്കാൻ 20 വർഷത്തിലേറെ നൽകണമോ?ആർക്കാണ് 20 വർഷം മുൻകൂട്ടി കാണാൻ കഴിയുന്നത് '' ബെഞ്ച് ചോദിച്ചു.
പൊതമേഖലാ സ്ഥാപനങ്ങളുടെ കുടിശിക ഈടാക്കാൻ തീരുമാനിച്ചതു സംബന്ധിച്ചു കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിക്കാമെന്നു സോളിസിറ്റർ ജനറൽ പറഞ്ഞു.അത് അപ്പാടെ നിരാകരിച്ച ബെഞ്ച് ഉത്തരവ് പിൻവലിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. കുടിശിക പിരിക്കാനുള്ള നീക്കം പുനഃപരിശോധിക്കാൻ ടെലികോം വകുപ്പിന് നിർദ്ദേശം നൽകി. കുടിശിക പിരിക്കൽ അനുവദിക്കാനാകില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കും.
കേസിൽ കോടതി ജൂൺ 18ന് വീണ്ടും വാദം കേൾക്കും.