ന്യൂഡൽഹി: ലോക്ക്ഡൗണിലെ പാലായനത്തിനിടെ കൊല്ലപ്പെട്ട അഞ്ച് കുടിയേറ്റത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം വീതം ധനസഹായം നൽകാൻ സുപ്രീംകോടതി നിർദേശം. തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കാൻ സുപ്രീംകോടതിയിൽ അഭിഭാഷകൻ കെട്ടിവച്ച 25 ലക്ഷം രൂപ വീതിച്ച് മരിച്ച തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് നൽകാൻ ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്.
ഭൂരിഭാഗം തൊഴിലാളികളും നാട്ടിലെത്തിയതിനാലാണ് ഈ തുക ഇത്തരത്തിൽ വിനിയോഗിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കകം അർഹരെ കണ്ടെത്തി ലീഗൽ സർവീസസ് അതോറിട്ടി വഴി പണം കൈമാറാൻ സുപ്രീംകോടതി രജിസ്ട്രാറിന് നിർദേശം നൽകി.
ഔറംഗാബാദിൽ 16 കുടിയേറ്റത്തൊഴിലാളികൾ ട്രെയിൻ കയറി മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അഭിഭാഷകൻ സംഗീർ അഹമ്മദ് ഖാൻ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ താൻ 25 ലക്ഷം നൽകാമെന്ന് വാഗ്ദാനം ചെയ്തത്. ഇത് അംഗീകരിച്ച കോടതി രജിസ്ട്രാറിന് മുന്നിൽ പണം കെട്ടിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.