ന്യൂഡൽഹി: ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്യാൻ വൈകിയതിന് അഞ്ചു കോടി രൂപവരെ വരുമാനമുള്ള വ്യാപാരികളിൽ നിന്ന് സെപ്‌തംബർ 30 വരെ 9 ശതമാനം പിഴപ്പലിശ (നിലവിൽ 18 %) ഈടാക്കിയാൽ മതിയെന്ന് ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചു. ലോക്ക് ഡൗൺ പശ്ചാത്തലത്തിലെ ഇളവാണ്.
ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ റിട്ടേൺ ജൂലായ് ആറു വരെ പിഴയില്ലാതെ സമർപ്പിക്കാം. സെപ്‌തംബർ 30വരെ 9 ശതമാനം പലിശ. മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ റിട്ടേൺ പിഴ കൂടാതെ അടയ്‌ക്കാൻ സെപ്‌തംബർ വരെ സാവകാശം.
ജൂൺ 12നുള്ളിൽ ജി.എസ്.ടി രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ടവർക്ക് പുനഃസ്ഥാപിക്കാൻ സെപ്‌തംബർ 30വരെ അപേക്ഷിക്കാം.
ലോക്ക് ഡൗൺ കാലത്തെ ആദ്യ ജി.എസ്.ടി കൗൺസിൽ യോഗം കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസായാണ് ചേർന്നത്.
നികുതിയടച്ചവർക്ക്
ലേറ്റ് ഫീയില്ല
നികുതി ബാദ്ധ്യതയില്ലാത്തവരുടെ 2017 ജൂലായ് മുതൽ 2020 ജനുവരി വരെയുള്ള ലേറ്റ് ഫീ ഒഴിവാക്കും. നികുതി ബാദ്ധ്യതയുള്ളവർക്ക് പരമാവധി ലേറ്റ് ഫീ 500 രൂപയായി നിശ്‌ചയിച്ചു. ഈ നിരക്കിൽ ജൂലായ് ഒന്നുമുതൽ സെപ്‌തംബർ 30വരെ റിട്ടേൺ സമർപ്പിക്കാം.
സംസ്ഥാനങ്ങൾക്കായി
പ്രത്യേക കൗൺസിൽ
സംസ്ഥാനങ്ങൾക്കുള്ള നഷ്‌ടപരിഹാരം ചർച്ച ചെയ്യാൻ പ്രത്യേക ജി.എസ്.ടി കൗൺസിൽ ചേരാനും തീരുമാനിച്ചു.
പാദരക്ഷകൾ, വളം, ടെക്‌സ്‌റ്റൈൽസ് എന്നിവയ്‌ക്കുള്ള ഇൻവെർട്ടഡ് നികുതി ഘടന, പാൻമസാലയ്‌ക്കുള്ള നികുതി തുടങ്ങിയവയിൽ തീരുമാനമെടുക്കുന്നത് അടുത്ത യോഗത്തിലേക്ക് മാറ്റി.