sc
SC

ന്യൂഡൽഹി:കൊവിഡ് രോഗികളോട് മൃഗങ്ങളോടെന്നതിനെക്കാൾ മോശമായാണ് ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പെരുമാറുന്നതെന്ന് സുപ്രീംകോടതി വിമർശിച്ചു.

രോഗികളുടെ ദുരവസ്ഥയും മൃതദേഹങ്ങളോടുള്ള അനാദരവും ഉൾപ്പടെയുള്ള വിഷയങ്ങളിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ വാക്കാൽ പരാമർശം.

ഡൽഹിയിലെയും ഉത്തർപ്രദേശിലെയും കൊവിഡ് ആശുപത്രികളിൽ ബീഭത്സമായ കാഴ്ചകളാണെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൃതദേഹങ്ങൾ മാലിന്യക്കൂമ്പാരത്തിൽ നിന്നു വരെ കണ്ടെടുക്കുന്നു. രോഗികളോട് മോശമായാണ് പെരുമാറുന്നത്. ആശുപത്രികളുടെ വാർഡുകളിലും ഇടനാഴികളിലും കാത്തിരിപ്പ് സ്ഥലങ്ങളിലും മൃതദേഹങ്ങൾക്കൊപ്പം രോഗികൾ കിടക്കുന്നു. ഭീകരം, ദയനീയം- കോടതി പറഞ്ഞു.

രാജ്യമെമ്പാടും,​ പ്രത്യേകിച്ച് ഡൽഹി,​ മുംബയ്,​ അഹമ്മദാബാദ്,​ ചെന്നൈ എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. വാർഡുകളിലെ സ്ഥിതി ദയനീയമാണ്. രോഗികളെ നോക്കാൻ ആരുമില്ല. അവ‌ർക്ക് ഓക്സിജനും ഡ്രിപ്പും നൽകുന്നില്ല. ഡൽഹിയിൽ 200 കിടക്കകളുള്ള സർക്കാർ ആശുപത്രിയിൽ 17 കിടക്കകളിലേ രോഗികളുള്ളൂ. എന്നിട്ടും പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നില്ല. അവർ നെട്ടോട്ടമോടുന്നു. ഡൽഹിയിലും യു. പിയിലും ആശുപത്രികൾ കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നത് വളരെ മോശമായാണ്. മരിച്ചവരോട് യാതൊരു ആദരവും കാട്ടുന്നില്ല. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ല. മരണവിവരം ബന്ധുക്കളെ ദിവസങ്ങളോളം അറിയിക്കാറുമില്ല.

ഡൽഹിയിൽ കൊവിഡ് പരിശോധന കുറഞ്ഞതും കോടതി ചൂണ്ടിക്കാട്ടി. 'ചെന്നൈയിലും മുംബയിലും ദിവസം 16,000 മുതൽ 17,000 വരെ പരിശോധനകൾ നടക്കുമ്പോൾ ഡൽഹിയിൽ 7000ത്തിൽ നിന്ന് 5000 ആയി കുറഞ്ഞത് എന്തുകൊണ്ട്?' ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജയ് കിഷൻ കൗൾ, എം.ആർ.ഷാ എന്നിവരുടെ ബെഞ്ച് ചോദിച്ചു.

കേന്ദ്രത്തോടക്കം വിശദീകരണം തേടി

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി,പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും കൊവിഡ് ബാധിതരുടെ ചികിത്സ സംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നോട്ടീസ് നൽകി. ചീഫ് സെക്രട്ടറിമാരാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. 17ന് കേസ് വീണ്ടും പരിഗണിക്കും.