supreme-court

ന്യൂഡൽഹി: ജീവനക്കാർക്ക് ലോക്ഡൗൺ കാലത്തെ വേതനം പൂർണ്ണമായും കൊടുക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വേതനം സംബന്ധിച്ച തർക്കം ഉണ്ടെങ്കിൽ തൊഴിൽ ദാതാവും തൊഴിലാളികളും തമ്മിൽ ചർച്ചയ്‌ക്ക് സർക്കാർ അവസരമുണ്ടാക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട ബെഞ്ച് ഇടക്കാല നിർദേശം നൽകി.

തൊഴിലാളികൾ ഇല്ലാതെ ഒരു വ്യവസായത്തിനും നിലനിൽപ്പില്ല.ശമ്പളപ്രശ്നം തൊഴിൽ ദാതാവും തൊഴിലാളികളും ചർച്ച ചെയ്‌ത് പരിഹരിക്കണം.ലോക്ക് ഡൗൺ കാലത്ത്‌ പൂർണശേഷിയിൽ പ്രവർത്തിക്കാത്ത സ്ഥാപന ഉടമകൾക്കും ചർച്ചയിൽ പങ്കാളികളാകാം. ചർച്ചയിൽ പരിഹാരം കണ്ടില്ലെങ്കിൽ തൊഴിൽ അതോറിറ്റികളുടെ മുന്നിൽ പ്രശ്‌നം പരിഹരിക്കണം. അനുരഞ്ജനത്തിനുള്ള ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് തീരുമാനിക്കാം.സംസ്ഥാന സർക്കാർ അനുരഞ്ജനത്തിനു മുൻകൈ എടുത്താൽ അതു സംബന്ധിച്ച റിപ്പോർട്ട് ലേബർ കമ്മിഷണർമാർക്ക് നൽകണമെന്നും സുപ്രീംകോടതി അറിയിച്ചു. ജൂലൈ അവസാന വാരം കേസ് വീണ്ടും പരിഗണിക്കും.

ലോക്ക് ഡൗൺ കാലത്ത് തൊഴിലാളികൾക്ക് നൂറു ശതമാനം വേതനം നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർച്ച് 29ന് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ 18 പരാതികളാണ് സുപ്രീംകോടതിക്ക് ലഭിച്ചത്. തൊഴിലുടമകളുടെ സാമ്പത്തിക പ്രതിസന്ധി പരിഗണിക്കാതെയാണ് ഉത്തരവെന്നായിരുന്നു പരാതി.