ന്യൂഡൽഹി: കൊവിഡിനെതിരെ പൊരുതുന്ന ഡോക്ടർമാർക്ക് ശമ്പളവും മതിയായ താമസ സൗകര്യവും ഒരുക്കാത്തതിൽ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.
കൊവിഡ് യുദ്ധത്തിലെ സൈനികരെ അസംതൃപ്തരാക്കരുതെന്നും ആരോഗ്യപ്രവർത്തകരുടെ കഷ്ടപ്പാടിന്റെ വാർത്തകളാണോ നിലവിലെ സാഹചര്യത്തിൽ പുറത്ത് വരേണ്ടതെന്നും ചോദിച്ച കോടതി, അടിയന്തര നടപടി സ്വീകരിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് നിർദ്ദേശിച്ചു.
പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഉൾപ്പടെ ഡോക്ടർമാർക്ക് താമസ സൗകര്യം ഒരുക്കുന്നുണ്ടെന്ന് കേന്ദ്രം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. മാത്രമല്ല ആത്യന്തികമായി സ്വയം സംരക്ഷിക്കേണ്ടത് ഡോക്ടർമാരുടെ ഉത്തരവാദിത്വമാണെന്നും വാദിച്ചു.
കേന്ദ്രത്തിന്റെ ഈ വിശദീകരണങ്ങളൊന്നും തൃപ്തികരമല്ലെന്ന് മുതിർന്ന അഭിഭാഷകൻ കെ.എസ്. വിശ്വനാഥൻ ചൂണ്ടിക്കാട്ടി.
'ഡോക്ടർമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു, പലർക്കും മാസങ്ങളായി ശമ്പളമില്ല, ആരോഗ്യപ്രവർത്തരുടെ അപകടസാദ്ധ്യത അനുദിനം വർദ്ധിക്കുന്നു. സുരക്ഷയ്ക്കായി വ്യക്തമായ മാർഗനിർദേശങ്ങളുണ്ടാക്കിയാൽ മാത്രമേ അവരുടെ കുടുംബങ്ങളെ അടക്കം രക്ഷിക്കാനാകൂ" എന്നും വിശ്വനാഥൻ പറഞ്ഞു.
ഹർജി വീണ്ടും ജൂൺ 17ന് പരിഗണിക്കും.
ശമ്പളവും താമവസവും നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡോ. ജെറിയൽ ബനൈറ്റ്, ഡോ. ആരുഷി ജെയിൻ, അഭിഭാഷകൻ അമിത് സാഹ്നി എന്നിവരാണ് ഹർജി നൽകിയത്. പരാതിക്കാർക്ക് തങ്ങളുടെ ആശങ്കകളും നിർദ്ദേശങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നൽകാമെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.