covid
COVID

ന്യൂഡൽഹി: ഡൽഹിയിൽ മുംബയ്ക്ക് സമാനമായി കൊവിഡ് വ്യാപനമുണ്ടാകുമെന്ന് ആശങ്ക. ഡൽഹിയിൽ നൂറു സാമ്പിളുകൾ പരിശോധിക്കുമ്പോൾ അതിൽ 27 പേർക്ക് രോഗം സ്ഥിരീകരിക്കുന്നുവെന്നും ഇത് മുംബയിലെ വ്യാപനത്തിന് സമാനമാണെന്നുമാണ് വിലയിരുത്തൽ.

ഡൽഹിയിലെ കൊവിഡ് കേസുകൾ 35000 കടന്നു. മരണം ആയിരം പിന്നിട്ടു. മാളുകളും ആരാധനാലയങ്ങളും തുറന്ന ജൂൺ എട്ട് മുതൽ 11 വരെ മാത്രം 5751 പുതിയ രോഗികളുണ്ടായി. ജൂണിൽ മാത്രം 612 മരണം റിപ്പോർട്ട് ചെയ്തു.
തെക്കുകിഴക്കൻ ഡൽഹിയിലാണ് കൊവിഡ് ഏറ്റവും രൂക്ഷം - 30.4 ശതമാനം. ശാഹ്ദ്ര - 24.86 ശതമാനം,സെൻട്രൽ ഡൽഹി - 21.24 ശതമാനം, വടക്കൻ ഡൽഹി - 20.52 ശതമാനം, കിഴക്കൻ ഡൽഹി -10 ശതമാനം, തെക്കുപടിഞ്ഞാറൻ ഡൽഹി - 11.02 ശതമാനം, ന്യൂഡൽഹി - 4.88 ശതമാനം, തെക്കൻ ഡൽഹി - 5.46 ശതമാനം എന്നിങ്ങനെയാണ് കൊവിഡ് പോസിറ്റിവിറ്റി നിരക്ക്.
നേരത്തെ 10.27 ശതമാനമായിരുന്നു നിരക്ക്. മേയ് 16 മുതൽ 26 വരെയുള്ള കാലയളവിൽ ഇത് 13.17 ശതമാനമായിരുന്നു. മേയ് 31ന് ഇത് 36.2 ശതമാനമായി.

അതേസമയം, കൊവിഡ് മരണങ്ങൾ ഡൽഹി സർക്കാർ മറച്ചുവച്ചതായി വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയ് പ്രകാശ് ആരോപിച്ചു. പേർ ജൂൺ 10 വരെ 2098 മരിച്ചെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം ഇനിയും ഡൽഹിയിൽ ലോക് ഡൗൺ ഏർപ്പെടുത്തില്ലെന്ന് ഡൽഹി സർക്കാർ അറിയിച്ചു.

ചികിത്സാ സൗകര്യങ്ങൾക്ക് ക്ഷാമം

ഡൽഹിയിലെ കൊവിഡ് ചികിത്സാ സൗകര്യങ്ങളിൽ ആശങ്കയുയർത്തി കേന്ദ്രം. നിലവിൽ ജൂൺ മൂന്ന് മുതൽ ഡൽഹിയിൽ ഐ.സി.യു ബെഡുകളുടെ കുറവുണ്ടെന്ന് കേന്ദ്രം വ്യാഴാഴ്ച ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ മുന്നറിയിപ്പ് നൽകി.

നിലവിലെ അവസ്ഥപ്രകാരം, 30ന് 91,419 കേസുകൾ ഡൽഹിയിൽ റിപ്പോർ‌ട്ട് ചെയ്തേക്കാം. ജൂൺ 12 ഓടെ വെന്റിലേറ്ററുകൾക്കും ജൂൺ 25 ഓടെ ഓക്‌സിജൻ സംവിധാനമുള്ള ഐസൊലേഷൻ ബെഡുകൾക്കും ക്ഷാമമുണ്ടാകും. ഇപ്പോൾ, ഡൽഹിയിൽ ഓക്‌സിജൻ സംവിധാനമുള്ള 3368 ബെഡുകളും 582 ഐ.സി.യു ബെഡുകളും 468 വെന്റിവലേറ്ററുകളുമാണുള്ളതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.