ന്യൂഡൽഹി: സമൂഹവ്യാപനമില്ലെന്ന് കേന്ദ്രസർക്കാരും മെഡിക്കൽ ഗവേഷണ കൗൺസിലും ആവർത്തിക്കുമ്പോഴും രാജ്യത്ത് കൊവിഡ് അതിവേഗം പടരുന്നു.
ആകെ രോഗികൾ മൂന്ന് ലക്ഷം കടന്നു. മരണം 9000 അടുക്കുന്നു. കഴിഞ്ഞ പത്ത് ദിവസം മാത്രം ഒരുലക്ഷം പുതിയ രോഗികളുണ്ടായി. ദിവസം ശരാശരി പതിനായിരം പേർ.
സ്ഥിതി രൂക്ഷമായതിന്റെ തെളിവാണിത്. ഈ ദിവസങ്ങളിൽ1500ലേറെ പേരാണ് മരിച്ചത്.
ലോക്ക്ഡൗൺ പിൻവലിക്കുന്നതിന്റെ ഭാഗമായി ആരാധനാലയങ്ങളും മാളുകളുമടക്കം തുറന്ന ജൂൺ 8 മുതൽ 12 വരെയുള്ള വർദ്ധനയാണിത്.
പ്രതിദിന മരണം 400ന് അടുത്തായി. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 11,106 പുതിയ രോഗികളും 396 മരണവുണ്ടായി.
@ആദ്യ കേസ് ജനുവരി 1ന്
@രോഗികൾ ഒരു ലക്ഷമാകാൻ 109 ദിവസം
@അടുത്ത 25 ദിവസം കൊണ്ട് രണ്ടു ലക്ഷം
@വെറും 10 ദിവസം കൊണ്ടാണ് അടുത്ത ഒരു ലക്ഷം
@ഇന്ത്യ നാലാം സ്ഥാനത്ത്
കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാമതാണിപ്പോൾ. അമേരിക്ക, ബ്രസീൽ, റഷ്യ എന്നിവയാണ് ആദ്യ മൂന്നുസ്ഥാനങ്ങളിൽ. ബ്രിട്ടനെയും സ്‌പെയിനിനെയും ഇന്ത്യ മറികടന്നു. ഏഷ്യയിൽ രോഗികളുടെ എണ്ണവും മരണവും കൂടുതൽ ഇന്ത്യയിലാണ്. മരണത്തിൽ ലോകത്ത് ഒൻപതാമത്.
ഒരു ലക്ഷം കടന്ന് മഹാരാഷ്ട്ര
മഹാരാഷ്ട്ര,തമിഴ്നാട്,ഡൽഹി,ഗുജറാത്ത് സംസ്ഥാനങ്ങളിൽ സ്ഥിതി അതിരൂക്ഷം. കുടിയേറ്റ തൊഴിലാളികളുടെ മടക്കം യു.പി, ബീഹാർ, ജാർഖണ്ഡ്, പശ്ചിമബംഗാൾ, ഒഡിഷ, അസം, മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കി. ആദ്യം നഗരങ്ങളിൽ ഒതുങ്ങി നിന്ന കൊവിഡ് തൊഴിലാളികളുടെ മടക്കത്തോടെ ഗ്രാമങ്ങളിലേക്കും വ്യാപിച്ചു.
ഒരു ലക്ഷം കേസുകൾ പിന്നിട്ട മഹാരാഷ്ട്ര ചൈനയെയും കാനഡയെയും മറികടന്നു. മഹാരാഷ്ട്രയിൽ ഇന്നലെ 3,493 പുതിയ രോഗികളും 128 മരണവും. ആകെ കേസുകൾ 1,01,141. മരണം 3,717. ഇന്നലെ 1366 പുതിയ രോഗികളുണ്ടായ മുംബയിൽ മാത്രം 55,000 കേസുകളായി.
തമിഴ്‌നാട് 40,000 കടന്നു. ഇന്നലെ 1933 രോഗികളും 18 മരണവും. ഇത് റെക്കാഡ് വർദ്ധനയാണ്.
ഡൽഹിയിലും രോഗികളുടെ എണ്ണം കുതിച്ചുയർന്നു. ആകെ കേസുകൾ 35,000 കടന്നു. 100 സാമ്പിളുകളിൽ ശരാശരി 27 പേർക്ക് രോഗം. വ്യാഴാഴ്ച 5360 സാമ്പിളുകൾ പരിശോധിച്ചതിൽ 1877ലും രോഗം.
രോഗമുക്തി 49.47 ശതമാനം
രാജ്യത്തെ രോഗമുക്തി 49.47 ശതമാനമായി ഉയർന്നു. 1,47,194 പേർക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 6166 പേർക്ക് രോഗമുക്തി. ലോക് ഡൗണിന് മുമ്പ് കേസുകളുടെ ഇരട്ടിക്കൽ 3.4 ദിവസമായിരുന്നത് 17.4 ദിവസമായി മെച്ചപ്പെട്ടു.