india-and-china

ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ ഒരു മാസത്തിലേറെയായി തുടരുന്ന അതിർത്തി തർക്കം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് കരസേനാ മേധാവി ജനറൽ എം.എം. നരാവനെ പറഞ്ഞു.

ഡെറാഡൂണിൽ ഇന്ത്യൻ മിലിട്ടറി അക്കാഡമിയിലെ പാസിംഗ് ഔട്ട് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. നിരന്തരം ചർച്ചകൾ നടക്കുന്നു. സൈനിക കമാൻഡർ തല ചർച്ചകൾക്ക് ശേഷം തുല്യ റാങ്കിലുള്ള പ്രാദേശിക കമാൻഡർമാരുടെ കൂടിക്കാഴ്‌ചകൾ നടക്കുന്നു. ഇതേതുടർന്നാണ് സൈന്യങ്ങൾ പിൻവാങ്ങുന്നത്. ഈ ചർച്ചകളിലൂടെ ഭിന്നതകൾ പരിഹരിക്കാമെന്നാണ് പ്രതീക്ഷയെന്നും ജനറൽ നരാവനെ പറഞ്ഞു.

ഈയാഴ്‌ച രണ്ടു തവണ പ്രാദേശിക കമാൻഡർമാർ ചർച്ച നടത്തി. വെള്ളിയാഴ്‌ചത്തെ ചർച്ച അഞ്ചു മണിക്കൂർ നീണ്ടു. തുടർന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് ജനറൽ ബിപിൻ റാവത്തിനെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

നേപ്പാളുമായി സുദൃഢ ബന്ധം

നേപ്പാളുമായി ഇന്ത്യയ്‌ക്ക് സുദൃഢമായ ബന്ധമാണെന്ന് ഉത്തരാഖണ്ഡിലെ കാലാപാനി പ്രദേശത്ത് നിർമ്മിക്കുന്ന റോഡിനെ ചൊല്ലിയുള്ള തർക്കത്തെ പരാമർശിച്ച് കരസേനാ മേധാവി പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിൽ ഭൂമിശാസ്‌ത്രപരവും സാംസ്‌കാരികവും ചരിത്രപരവും മതപരവുമായ ബന്ധമുണ്ട്. ഈ ബന്ധം തുടരും.

ജമ്മുകാശ്മീരിൽ ജനങ്ങൾ സേനയ്‌ക്കൊപ്പം

ജമ്മുകാശ്‌മീരിൽ ജനങ്ങളുടെ സഹായത്താലാണ് നിരവധി ഭീകരരെ വധിക്കാൻ സേനയ്‌ക്ക് കഴിഞ്ഞത്. 10-15 ദിവസങ്ങൾക്കുള്ളിൽ 15 ഭീകരരെ ഇല്ലാതാക്കി. ഭീകരവിരുദ്ധ ഓപ്പറേഷന് ആവശ്യമായ വിവരങ്ങൾ സ്ഥല വാസികളിൽ നിന്നാണ് ലഭിച്ചത്. ഭീകര പ്രവർത്തനം അവസാനിച്ച് താഴ്‌വര സമാധാനത്തിലേക്ക് മടങ്ങണമെന്ന് അവർ ആഗ്രഹിക്കുന്നതിന്റെ തെളിവാണതെന്നും സേനാമേധാവി പറഞ്ഞു.