ന്യൂഡൽഹി: രുചിയും ഗന്ധവും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയും കൊവിഡിന്റെ ലക്ഷണമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പുതിയ ചികിത്സാ മാർഗരേഖയിൽ വ്യക്തമാക്കി. മറ്റു രാജ്യങ്ങളിലെ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണിത്. അമേരിക്കയിൽ കഴിഞ്ഞ മാസംതന്നെ ഇതു രോഗലക്ഷണമായി അംഗീകരിച്ചിരുന്നു.
പനി, ചുമ, ശ്വാസതടസം, വയറിളക്കം, തൊണ്ടവേദന തുടങ്ങിയവയാണ് നിലവിലെ ലക്ഷണങ്ങൾ. പ്രായമായവരെ അപേക്ഷിച്ച് കാെവിഡ് ബാധിച്ച കുട്ടികളിൽ പനിയും ചുമയും കുറവായിരിക്കും.
രോഗലക്ഷണങ്ങൾ നേരിയതോതിലും മിതമായ തരത്തിലും തീവ്രമായും പ്രകടമാവുന്നതനുസരിച്ച് പ്രായമായവർക്കും കുട്ടികൾക്കും നൽകേണ്ട ചികിത്സയും പരിചരണവും മാർഗരേഖയിൽ വിശദീകരിക്കുന്നു. ഹൈഡ്രോക്‌സി ക്ളോറോക്വിൻ, റെദെസിവിർ തുടങ്ങിയ മരുന്നുകൾ വ്യാപകമായി ഉപയോഗിക്കാൻ അനുമതിയില്ല.