covid

ന്യൂഡൽഹി: തമിഴ്നാട്, തെലുങ്കാന, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലെ എം.എൽ.എമാർക്ക് കൊവിഡ്. തമിഴ്നാട്ടിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ ശ്രീപെരുമ്പത്തൂർ എം.എൽ.എ കെ. പളനിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 57കാരനായ ഇദ്ദേഹത്തിന് നേരിയ പനിയുണ്ട്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പളനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. തമിഴ്നാട്ടിൽ കൊവിഡ് ബാധിക്കുന്ന രണ്ടാമത്തെ എം.എൽ.എയാണ് ഇദ്ദേഹം. കഴിഞ്ഞദിവസം ഡി.എം.കെയിലെ മുതിർന്ന നേതാവും എം.എൽ.എയുമായ ജെ. അൻപഴകൻ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
തെലങ്കാനയിലെ ടി.ആർ.എസ് എം.എൽ.എയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വാറങ്കൽ ജില്ലയിൽ നിന്നുള്ള എം.എൽ.എ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യ എം.എൽ.എയാണ്. ഇദ്ദേഹം ഹൈദരാബാദിൽ ചികിത്സയിലാണ്. കുടുംബാംഗങ്ങളെയും സ്റ്റാഫുകളെയും നിരീക്ഷണത്തിലാക്കി. നേരത്തെ ബി.ജെ.പിയുടെ മുൻ എം.എൽ.എ രാമചന്ദ്രറെഡ്ഡിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മദ്ധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എയും സംസ്ഥാന യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനുമായ കുനാൽചൗധരിക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പും നിയമസഭാ ഉപതിരഞ്ഞെടുപ്പും നടക്കാനിരിക്കെ എം.എൽ.എയ്ക്ക് കൊവിഡ് ബാധിച്ചത് കോൺഗ്രസിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ ഇദ്ദേഹം വിവിധ മുതിർന്ന നേതാക്കളെ കാണുകയും മണ്ഡലം സന്ദർശിക്കുകയും ചെയ്തിരുന്നു.