amit-shah

ന്യൂഡൽഹി: പ്രതിദിന രോഗികളുടെ എണ്ണം 2000 കടന്ന് കൊവിഡ് രൂക്ഷമായ ഡൽഹിയിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11ന് ഉന്നതതല യോഗം ചേരും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ലെഫ്.ഗവർണർ അനിൽ ബൈജാൽ, കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ, എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ, മൂന്ന് കോർപറേഷനിലെയും മേയർമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ഡൽഹിയിലടക്കം നാലു സംസ്ഥാനങ്ങളിൽ കൊവിഡ് സാഹചര്യം മോശമായതിൽ സുപ്രീംകോടതി അതിരൂക്ഷ വിമ‌ർശനം നടത്തിയിരുന്നു. നിലവിൽ തന്നെ ഐ.സി.യു ബെഡുകൾക്ക് ക്ഷാമമാണെന്നും ജൂൺ 12 ഓടെ വെന്റിലേറ്ററുകൾക്കും ജൂൺ 25 ഓടെ ഓക്‌സിജൻ സംവിധാനമുള്ള ഐസൊലേഷൻ ബെഡുകൾക്കും ക്ഷാമമുണ്ടാകുമെന്നും കേന്ദ്രആഭ്യന്തര സെക്രട്ടറി കഴിഞ്ഞദിവസം സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം ഇടപെട്ട് യോഗം വിളിച്ചത്.