modi

ന്യൂഡൽഹി: രാജ്യത്തെ മൊത്തം കൊവിഡ് കേസുകളിൽ മൂന്നിൽ രണ്ട് ഭാഗവും റിപ്പോർട്ട് ചെയ്ത അഞ്ച് സംസ്ഥാനങ്ങളിൽ രോഗ പരിശോധന, കിടക്കകൾ, അനുബന്ധ സേവനങ്ങൾ എന്നിവയുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മോദി.

സംസ്ഥാനങ്ങളുമായും കേന്ദ്രഭരണപ്രദേശങ്ങളുമായും കൂടിയാലോചിച്ച് ആവശ്യമുള്ള ആശുപത്രി കിടക്കകൾ, ഐസോലേഷൻ ബെഡുകൾ എന്നിവ ലഭ്യമാക്കാൻ ആരോഗ്യമന്ത്രാലയത്തിന് പ്രധാനമന്ത്രി നിർദ്ദേശം നൽകി. മഴക്കാല തയ്യാറെടുപ്പുകൾ നടത്തണമെന്നും ആവശ്യപ്പെട്ടു.

കൊവിഡ് നിയന്ത്രണത്തിൽ നിരവധി സംസ്ഥാനങ്ങൾ നടത്തിയ വിജയകരമായ നടപടികളെ യോഗം അഭിനന്ദിച്ചു. മറ്റുള്ളവർക്ക് പ്രചോദനം നൽകാനും പുതിയ ആശയങ്ങൾക്ക് രൂപം നൽകാനും ഇവ വ്യാപകമായി പ്രചരിപ്പിക്കണം. കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് നിലവിലെ അവസ്ഥയും ഭാവിയിലെ സാഹചര്യവും മെഡിക്കൽ എമർജൻസി മാനേജ്‌മെന്റ് സമിതിയുടെ അദ്ധ്യക്ഷൻ ഡോ. വിനോദ് പോൾ വിശദീകരിച്ചു. കേന്ദ്രമന്ത്രിമാർ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ഐ.സി.എം.ആർ ഡയറക്ടർ ജനറൽ, ഉന്നതാധികാരസമിതി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.